100 ടൺ ഭക്ഷ്യസാധനങ്ങൾ ബഹ്‌റൈനിലെത്തിച്ചു ലുലു ഗ്രൂപ്പ്
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ലുലു ഗ്രൂപ്പ് 100 ടണ്ണിലധികം ഭക്ഷ്യസാധനങ്ങൾ ബഹ്‌റൈനിലെത്തിച്ചു. ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറിന്റെ പ്രത്യേക വിമാനങ്ങളിലാണ് ദമ്മാം വഴി ഈ അവശ്യസാധനങ്ങൾ എത്തിച്ചത്.
പുതിയ പച്ചക്കറികൾ, പഴവർഗങ്ങൾ, മാംസം, ജ്യൂസുകൾ, ഇളനീർ, വിവിധതരം ഗ്രോസറി സാധനങ്ങൾ, ധാന്യങ്ങൾ, കുപ്പിവെള്ളം എന്നിവയുൾപ്പെടെ ഒമ്പത് വിമാനങ്ങളിലായാണ് ഇതിനോടകം സാധനങ്ങളെത്തിയത്. കൊച്ചി, മുംബൈ, ലണ്ടൻ, തായ്‌ലൻഡ് തുടങ്ങിയ അന്താരാഷ്ട്ര വിപണികളിൽ നിന്ന് ശേഖരിച്ച ഇവ ബഹ്‌റൈനിലെ ലുലു സ്റ്റോറുകൾ വഴി വിതരണം ചെയ്യും.
ജിസിസി മേഖലയിലുടനീളം ഭക്ഷ്യലഭ്യത ഉറപ്പാക്കാൻ ലുലു ഗ്രൂപ്പ് സജീവമായി രംഗത്തുണ്ട്. സമാനമായ രീതിയിൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് 160 ടണ്ണും കുവൈത്തിലേക്ക് 82 ടണ്ണും ഭക്ഷ്യസാധനങ്ങൾ ലുലു എത്തിച്ചിരുന്നു.
ലുലു സ്റ്റോറുകളിൽ ആവശ്യമായ ഭക്ഷ്യശേഖരം ഉണ്ടെന്നും വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ സമഗ്രമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
dsasadsa


