ആരോഗ്യസേവനം വിരൽത്തുമ്പിൽ; ബഹ്‌റൈനിൽ 24 മണിക്കൂറും ഒമ്പത് അടിയന്തര ചികിത്സാ കേന്ദ്രങ്ങൾ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തെ ആരോഗ്യ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി എല്ലാ ഗവർണറേറ്റുകളിലുമായി ഒമ്പത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് പാർലമെന്റ്-ശൂറാ കൗൺസിൽ കാര്യ മന്ത്രി ഗാനിം അൽ ബുഐനൈൻ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ എമർജൻസി ഡിപ്പാർട്ട്‌മെന്റുകൾ വേണമെന്ന പാർലമെന്റ് നിർദ്ദേശത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
നിലവിൽ 13 കേന്ദ്രങ്ങളിലായി നാഷണൽ ആംബുലൻസ് സർവീസ് ലഭ്യമാണ്. ജിപിഎസ് അടക്കമുള്ള അത്യാധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി അപകടസ്ഥലങ്ങളിൽ അതിവേഗം സഹായമെത്തിക്കാൻ സേനയ്ക്ക് കഴിയുന്നുണ്ട്. സിവിൽ ഡിഫൻസ് കേന്ദ്രങ്ങളുമായി ഏകോപിപ്പിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഭാവിയിൽ കൂടുതൽ ആംബുലൻസ് കേന്ദ്രങ്ങൾ ആരംഭിക്കാനും സർക്കാരിന് പദ്ധതിയുണ്ട്.
ആശുപത്രികളിൽ എത്താൻ ബുദ്ധിമുട്ടുള്ള മുതിർന്ന പൗരന്മാർക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വീട്ടിലെത്തിയുള്ള ലാബ് പരിശോധനകൾ, മൊബൈൽ ക്ലിനിക്കുകൾ, ടെലിമെഡിസിൻ സേവനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ഡയാലിസിസ് ചികിത്സയ്ക്ക് പോകുന്നവർക്ക് സർക്കാർ വാഹന സൗകര്യവും നൽകുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വരുന്ന ചൊവ്വാഴ്ച നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഈ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യും.
ffdfdfddfdf


