ബഹ്‌റൈനിൽ ഞണ്ട് പിടുത്തത്തിന് നിരോധനം; നാളെ മുതൽ പ്രാബല്യത്തിൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തിന്റെ സമുദ്ര സമ്പത്ത് സംരക്ഷിക്കുന്നതിനും സുസ്ഥിരത ഉറപ്പാക്കുന്നതിനുമായി ബഹ്‌റൈൻ സമുദ്രപരിധിയിൽ ഞണ്ട് പിടുത്തത്തിന് നിരോധനം ഏർപ്പെടുത്തി. മാർച്ച് 15 മുതൽ മെയ് 15 വരെയുള്ള രണ്ട് മാസക്കാലത്തേക്കാണ് നിരോധനമെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് അറിയിച്ചു.
ഞണ്ടുകളുടെ പ്രജനന കാലയളവിൽ അവയ്ക്ക് സംരക്ഷണം നൽകുന്നതിനും പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമാണ് ഈ തീരുമാനമെന്ന് കൗൺസിൽ വ്യക്തമാക്കി. നിരോധനം ലംഘിച്ച് ഞണ്ട് പിടിക്കുന്നത് നിയമനടപടികൾക്ക് കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മറ്റു മത്സ്യങ്ങൾക്കായി വലവിരിക്കുമ്പോൾ അബദ്ധത്തിൽ ഞണ്ടുകൾ കുടുങ്ങിയാൽ അവയെ സുരക്ഷിതമായി കടലിലേക്ക് തന്നെ തിരിച്ചുവിടണമെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സമുദ്ര പരിസ്ഥിതിയുടെ സുരക്ഷയ്ക്കായി എല്ലാ മത്സ്യത്തൊഴിലാളികളും ഈ നിയമവുമായി സഹകരിക്കണമെന്ന് സുപ്രീം കൗൺസിൽ അഭ്യർത്ഥിച്ചു.
aa


