കോവിഡ് കാരണം ജീവൻ നഷ്ടമായ കവിക്ക് ആദരമർപ്പിച്ച് ബഹ്റൈൻ

കോവിഡ് മഹാമാരി കാരണം ജീവൻ നഷ്ടമായ സോമൻ കുയിമ്പിൽ എന്ന മുൻ ബഹ്റൈൻ പ്രവാസിയുടെ കവിതാ സമാഹാരത്തിന്റെ ഗൾഫ് പ്രകാശനം ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് നടന്നു. ബഹ്റൈൻ കേരളീയ സമാജവും സാംസ സാംസ്കാരിക സമിതിയും സംയുക്തമായാണ് പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചത്. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപ്പിള്ള പ്രകാശനം നിർവഹിച്ചു. സാംസ പ്രസിഡന്റ് മനീഷ് പുന്നോത്ത് പുസ്തകം ഏറ്റുവാങ്ങി. സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര പുസ്തകം പരിചയപ്പെടുത്തി. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സാംസ ഉപദേശക സമിതി അംഗം ബാബു മാഹി, ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പത്തേരി, കെ.ഇ.ഇ.എൻ ജനറൽ സെക്രട്ടറിയും സാംസ ഉപദേശക സമിതി അംഗവുമായ മുരളി കൃഷ്ണൻ, സമാജം സാഹിത്യ വിഭാഗം കൺവീനർ പ്രശാന്ത് മുരളി, മാധ്യമപ്രവർത്തകൻ രാജീവ് വെള്ളിക്കോത്ത് എന്നിവർ സംസാരിച്ചു. കവിതാസമാഹാരത്തിലെ ശില്പി എന്ന കവിത ആഗ്നേയ നിത്യാനന്ദ് ആലപിച്ചു.
സോമന്റെ സഹോദരൻ വത്സൻ കുയിമ്പിൽ ചടങ്ങിൽ സംസാരിച്ചു. സാംസ ജനറൽ സെക്രട്ടറി നിർമല ജേക്കബ് സ്വാഗതവും വനിത വിഭാഗം പ്രസിഡന്റ് ഇൻഷ റിയാസ് നന്ദിയും പറഞ്ഞു. വടകര എടച്ചേരിയിലെ കച്ചേരി സ്വദേശിയായ സോമൻ, അദ്ദേഹത്തിന്റെ മാതാവ്, ഇളയ സഹോദരൻ എന്നിവരുടെ ജീവനാണ് 2021 ആഗസ്റ്റ് മാസം കോവിഡ് കാരണം നഷ്ടപ്പെട്ടത്. അദ്ദേഹം രചിച്ച കവിതകളുടെ സമാഹാരമായ ‘കണ്ണീർക്കണം’ കഴിഞ്ഞ ജനുവരി 19ന് എടച്ചേരി കമ്യൂണിറ്റി ഹാളിൽ വെച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകാശനം ചെയ്തിരുന്നു.
atrst