സഹൃദയ നാടൻ പാട്ട് സംഘം പി കെ കാളൻ സ്മാരക സഹൃദയ പുരസ്കാരത്തിന് അർഹനായി പി വി ലാവ് ലിൻ

ബഹ്റൈനിലെ സഹൃദയ നാടൻ പാട്ട് സംഘം ഏർപ്പെടുത്തുന്ന പി കെ കാളൻ സ്മാരക സഹൃദയ പുരസ്കാരത്തിന് ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ കൂടിയായ പി വി ലാവ് ലിൻ അർഹനായി. കേരളസർക്കാരും ഫോക് ലോർ അക്കാദമിയും ചെയ്യുന്ന പ്രവർത്തനങ്ങളെ ക്രിയാത്മകമായി ആദിവാസി ഊരുകൾ അടക്കമുള്ള ഇടങ്ങളിലെ നാടൻപാട്ട് കലാകാരെ അടക്കം മുഖ്യധാരയിലെത്തിക്കാൻ നടത്തിയ ശ്രമങ്ങളെ പരിഗണിച്ചാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. സെപ്തംബർ മാസം ബഹ്റൈനിൽ വെച്ച് നടക്കുന്ന നാടൻകലാമേളയിൽ വെച്ച് പുരസ്കാരദാനം നടത്തും. ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ രാജേഷ് അറ്റാച്ചേരി, മുരളീകൃഷ്ണൻ കെഎം, ലിനീഷ് കാനായി, മനോജ് പിലിക്കോട്, രാഗിൽ ബാബു എന്നിവർ സംബന്ധിച്ചു.
35 ഓളം കലാകരൻമാരാണ് ഫോക് ലോർ അക്കാദമിയുടെ ഔദ്യോഗിക അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ബഹ്റൈനിലെ സഹൃദയ നാടൻ പാട്ട് സംഘത്തിൽ ഉള്ളത്. കഴിഞ്ഞ ആറ് വർഷത്തോളമായി പ്രവർത്തിക്കുന്ന ഇവർ ഇതിനകം 150ഓളം വേദികളിലാണ് നാടൻപാട്ട് അവതരണവും, നാടൻകലാരൂപങ്ങളുടെ പരിചയപ്പെടുത്തലും നടത്തിയിരിക്കുന്നത്. ജീവകാരുണ്യമേഖലയിലും സജീവമായി പ്രവർത്തിക്കുന്ന സഹൃദയ നാടൻ പാട്ട് സംഘമാണ് കേരള സാഹിത്യഅക്കാദമി അവാർഡ് നേടിയ പ്രദീപ് മണ്ടൂരിന്റെ നമുക്ക് ജീവിതം പറയാം എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ് പുറത്തിറക്കിയത്.