ഹരിദാസ് ബി നായർ 32 വർഷത്തെ ബഹ്റൈൻ പ്രവാസത്തിന് ശേഷം നാട്ടിലേയ്ക്ക് മടങ്ങുന്നു

മനാമ: ബഹ്റൈൻ കേരളീയ സമാജമടക്കമുള്ള ബഹ്റൈൻ പ്രവാസി ഇടങ്ങളിലെ സജീവ സാന്നിദ്ധ്യമായ എറണാകുളം നോർത്ത് പറവൂർ സ്വദേശിയായ ഹരിദാസ് ബി നായരും, ഭാര്യ ഉഷയും നീണ്ട 32 വർഷത്തെ പ്രവാസജീവിതത്തിന് ശേഷം നാട്ടിലേയ്ക്ക് മടങ്ങുന്നു. മുംബൈയിൽ ഇന്ത്യൻ നാവി ജീവിനക്കാരനായിരുന്ന ഹരിദാസ് അവിടെ നിന്ന് മാറി ഒരു മറൈൻ എഞ്ചിനിയറിങ്ങ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കാലത്താണ് പ്രവാസജീവിതത്തിലേയ്ക്ക് കാലെടുത്തു വെക്കാൻ തീരുമാനിച്ചത്. 1985ൽ വിവാഹിതനായ ഹരിദാസിന്റെ ഭാര്യ ഉഷയും മുംബൈയിലെ ബാബാ അറ്റോമിക്ക് റിസർച്ച് സെന്ററിൽ ജോലി ചെയ്തിരുന്നു. പ്രവാസം തെരഞ്ഞെടുക്കാൻ തീരുമാനിച്ചതിന് ശേഷം 1989 ജൂൺ മാസം എടിഎസ് കമ്പനിയിലെ ജീവനക്കാരനായിട്ടാണ് ഇദ്ദേഹം ബഹ്റൈനിലെത്തിയത്. ആറ് മാസം കൊണ്ട് തന്നെ ഭാര്യ ഉഷയും ബഹ്റൈനിലേയ്ക്കെത്തി. പിന്നീട് ഏഴ് വർഷത്തോളം ഷിപ്പിങ്ങ് മേഖലയിലായിരുന്നു ഹരിദാസ് ജോലി ചെയ്തത്.
ഇതിന് ശേഷം 1996ൽ ബഹ്റൈനിലെ പ്രമുഖ ടെലിക്കോം കമ്പനിയായ ബാറ്റിൽക്കോയിലേയ്ക്ക് ജോലി മാറി. ഇവിടെ രാജകുടുംബാഗങ്ങളുടെ അടക്കമുള്ളവർക്ക് ടെലിക്കമ്മ്യൂണിക്കേഷൻ സേവനങ്ങൾ നൽകിവന്ന സ്പെഷ്യൽ പ്രൊജക്ടസ് വിഭാഗത്തിലായിരുന്നു ഹരിദാസ് ജോലി ചെയ്തത്. 2016 വരെ ബാറ്റിൽക്കോയുടെ വിവിധ വിഭാഗങ്ങളിലെ സേവനങ്ങൾക്ക് ശേഷം ഔദ്യോഗികമായി വിരമിച്ചുവെങ്കിലും, ഇവിടെയുള്ളവരുടെ നിർബന്ധ പ്രകാരം റോയൽ ഗാർഡിന്റെ തന്നെ ഭാഗമായി തുടുരുകയായിരുന്നു. ഭാര്യ ഉഷ 1996 മുതൽ 2002 വരെ ഏഷ്യൻ സ്കൂളിലും, പിന്നീട് 2004 മുതൽ 2012 വരെ ഇന്ത്യൻ സ്കൂളിലും ജോലി ചെയ്തു. ബഹ്റൈനിലെ ഇന്ത്യൻ ക്ലബ്ബിൽ ആദ്യം അംഗത്വമെടുത്ത ഹരിദാസും ഭാര്യ ഉഷയും പിന്നീട് കേരളീയ സമാജത്തിലും സജീവ സാന്നിദ്ധ്യമായി മാറി. ഇവിടെ ക്വിസ് പ്രോഗ്രാം, അന്താക്ഷരി മത്സരങ്ങൾ എന്നിവയിൽ പങ്കെടുത്തും, പരിപാടികൾ സംഘടിപ്പിച്ചും ഹരിദാസും ഉഷയും ശ്രദ്ധേയരായി. മകൾ മേഘ്ന ഭർത്താവ് രോഹിത്തിനും, മകൻ അവിയാനുമൊപ്പം ആസ്ത്രേലിയയിലെ മെൽബണിലാണ് കഴിയുന്നത്. മൂത്ത മകനായ രോഹിത് കോളേജ് പഠനത്തിന് ശേഷം മംഗാലപുരത്തിനടുത്ത് സൂറത്ത് കല്ലിൽ വെച്ചുണ്ടായ ഒരപകടത്തിൽ മരണപ്പെട്ടിരുന്നു. ജൂൺ 12നാണ് ഹരിദാസും, ഉഷയും കൊച്ചിയിലേയ്ക്ക് ബഹ്റൈനിൽ നിന്ന് യാത്ര ചെയ്യുന്നത്.