ആത്മാവിൽ പതിഞ്ഞ ഗാനങ്ങൾ സമ്മാനിച്ച് ഓർമ്മയായ എസ് പി ബാലസുബ്രമണ്യത്തിന്റെ ജന്മദിനം ഇന്ന്

കൊച്ചി :കോവിഡെന്ന മഹാമാരിയിൽ സംഗീത ലോകത്തിന് നഷ്ടമായ മാസ്മരിക ശബ്ദത്തിന് ഇന്ന് എഴുപ്പത്തിയഞ്ചാം പിറന്നാൾ. എസ് പി ബി എന്നത് സംഗീതപ്രേമികള്‍ക്ക് വെറും മൂന്നക്ഷരം മാത്രമായിരുന്നില്ല. അതൊരു വികാരമായിരുന്നു, ആത്മാവിനോട് ചേര്‍ത്ത അനേകം ഗാനങ്ങള്‍ ആയിരുന്നു. പ്ലേബാക്കിലും ലൈവ് ആയും അദ്ദേഹം തീര്‍ത്ത സംഗീത മാധുരിയില്‍ എത്രയോ ലക്ഷം ആരാധകരുടെ സ്നേഹസന്തോഷങ്ങള്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട സംഗീതസപര്യയില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിക്കാത്ത മേഖലകളില്ല. ഗായകന്‍, സംഗീത സംവിധായകന്‍, നടന്‍, ശബ്ദകലാകാരന്‍ എന്നിങ്ങനെ തെന്നിന്ത്യന്‍ നിറഞ്ഞാടിയ പ്രതിഭ. സൂപ്പര്‍സ്റ്റാര്‍ തലമുറകളുടെ തിളക്കത്തിന് മാറ്റ്കൂട്ടിയ ശബ്ദം. കാലങ്ങളും അതിരുകളും കടന്നു ഇന്നും ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ മായാത്ത അടയാളമായി തങ്ങിനില്‍ക്കുകയാണ് ആ ശബ്ദം.
പിന്നണി ഗാനരംഗത്തെ അനിഷേധ്യനായ ഗായകന്‍ എസ് പി ബി എന്ന എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ജന്മദിനത്തില്‍ 16 ഭാഷകളിലായി പാടി നേടിയ ലക്ഷക്കണക്കിന് ആരാധകര്‍ക്ക് തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം. കൊവിഡിന്റെ പിടിയിലമര്‍ന്ന് മരണക്കിടക്കയില്‍ പോലും സംഗീതം അദ്ദേഹത്തെ അനശ്വരനാക്കി. ‘ആയിരം നിലവേ വാ’ എന്ന് പാടി സംഗീതലോകത്തെ കീഴടക്കിയ ആ ശബ്ദം പിന്നീടങ്ങോട്ട് വിവിധ ഭാഷകളില്‍ ഒഴിച്ച് കൂടാനാവാത്ത സാന്നിധ്യമായി മാറുകയായിരുന്നു. പാട്ടുജീവിതം തുടങ്ങിയതിനു ശേഷം അമ്പതു വര്‍ഷത്തോളം മുടങ്ങാതെ ദിനംപ്രതി പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തിരുന്ന അപൂര്‍വ വിസ്മയം കൂടിയായി അദ്ദേഹം മാറി. ടി എം സൗന്ദരരാജനെയും പി ബി ശ്രീനിവാസിനെയും പോലുള്ള അതികായന്മാര്‍ വാഴുന്നിടത്തായിരുന്നു ഔപചാരിക സംഗീതപഠനങ്ങളൊന്നും പൂര്‍ത്തിയാക്കാതെ തന്നെ എസ് പി ബി സ്വന്തം പേര് ഉറപ്പിച്ചത്. ശാസ്ത്രീയ സംഗീതത്തില്‍ അതിവിദഗ്ധരായ അനേകം ഗായകരെ മറികടന്നാണ് ഈ നേട്ടം എസ് പി ബി നേടിയതെന്നതും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.
ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ടയിലാണ് 1946ൽ എസ് പി ബിയുടെ ജനനം. ശ്രിപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യം എന്നാണ് എസ് പിബിയുടെ യഥാർത്ഥ പേര്. ഹരികഥാ കലാകാരനായ എസ് പി സാംബമൂർത്തിയും ശകുന്തളാമ്മയുടെയുമായിരുന്നു മാതാപിതാക്കൾ. സംഗീതത്തോട് ഏറെ താൽപ്പര്യം പ്രകടിപ്പിച്ച എസ് പി ബി കുട്ടിക്കാലത്ത് തന്നെ സംഗീതം അഭ്യസിച്ചുതുടങ്ങി. എന്നാൽ മകനെ എഞ്ചിനീയർ ആയി കാണാൻ ആഗ്രഹിച്ച പിതാവ് എസ് പിബിയെ എഞ്ചിനീയറിംഗ് പഠനത്തിന് അയക്കുകയാണ് ചെയ്തത്. എഞ്ചിനീയറിംഗ് പഠനത്തിനിടയിലും സംഗീതലോകത്ത് തിളങ്ങിയ എസ് പി ബി നിരവധി മത്സരങ്ങളിൽ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടു.
ശാസ്ത്രീയ സംഗീതവും ലളിതസംഗീതവും ഒരുപോലെ ഇണങ്ങുന്ന എസ് പി ബി ഗാനമേള ട്രൂപ്പിൽ നിന്നുമാണ് ചലച്ചിത്രപിന്നണിഗാന രംഗത്ത് എത്തിപ്പെടുന്നത്. 1966-ൽ ‘ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ ‘ എന്ന ചിത്രത്തിൽ പാടികൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി, ആസാമി, പഞ്ചാബി, തുളു, ഒറിയ എന്നു തുടങ്ങി പതിനാറോളം ഇന്ത്യൻ ഭാഷകളിൽ അദ്ദേഹം പാടിയിട്ടുണ്ട്. നാലു ഭാഷകളിലായി ആറു ദേശീയ പുരസ്കാരങ്ങളും അദ്ദേഹം നേടി. 25 തവണയാണ് ആന്ധ്ര പ്രദേശ് സർക്കാരിന്റെ നന്ദി അവാർഡ് എസ് പിബിയെ തേടിയെത്തിയത്. പാട്ടിന്റെ പാലാഴി എന്നു വിശേഷിപ്പിക്കാവുന്ന എസ് പി ബിയെ പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചു.
ഏറ്റവും കൂടുതൽ ചലച്ചിത്രം പിന്നണിഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് റെകോർഡിനൊപ്പം തന്നെ ഒറ്റ ദിവസം 21 പാട്ട് റെക്കോർഡ് ചെയ്തും എസ്.പി.ബി അത്ഭുതം സൃഷ്ടിച്ചിരുന്നു. 1981 ഫെബ്രുവരി എട്ടിനായിരുന്നു ആ അത്ഭുത ദിനം. രാവിലെ ഒമ്പതു മണി മുതൽ രാത്രി ഒമ്പതുവരെയാണ് കന്നഡസിനിമയിലെ സംഗീത സംവിധായകനായ ഉപേന്ദ്രകുമാറിനുവേണ്ടി അദ്ദേഹം 21 പാട്ടുകൾ പാടിയത്. ഒരു ദിവസം 19 പാട്ടുകൾ റെക്കോർഡ് ചെയ്തും, പിന്നീടൊരിക്കൽ ഒരു ദിനം 16 ഹിന്ദി പാട്ടുകൾ റെക്കോർഡ് ചെയ്തുമൊക്കെ എസ് പി ബി സംഗീതപ്രേമികളെയും ലോകത്തെയും അമ്പരപ്പിച്ചിട്ടുണ്ട്.
എസ് പി ബിയുടെ സംഗീതലോകമോർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് എത്തുക ‘കേളടി കൺമണി’ എന്ന ചിത്രത്തിലെ ‘മണ്ണിൽ ഇന്ത കാതൽ’ എന്നു തുടങ്ങുന്ന ഗാനമാവും. ഭൂമിയിൽ പ്രണയമുള്ള കാലത്തോളം ആഘോഷിക്കപ്പെട്ടേക്കാവുന്ന, മാജിക്കൽ സ്വഭാവമുള്ള ‘മണ്ണിൽ ഇന്ത കാതൽ’ എന്ന ഗാനം എസ് പി ബിയുടെ കരിയറിലെ ഏറെ ആഘോഷിക്കപ്പെട്ട പാട്ടുകളിലൊന്ന് കൂടിയാണ്. ‘ശങ്കരാഭരണ’ത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഈ പാട്ടുകൾ എസ് പി ബിയ്ക്ക് ദേശീയ അവാർഡും നേടി കൊടുത്തു. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാതെയാണ് ‘ശങ്കരാഭരണ’ത്തിലെ ശാസ്ത്രീയ ഗാനങ്ങൾ എല്ലാം എസ് പി ബി പാടിയത് എന്നതാണ് മറ്റൊരു വിസ്മയം.