തൊഴിലിടങ്ങളിൽ കർശന പരിശോധനകൾ തുടരുമെന്ന് എൽ.എം.ആർ.എ അധികൃതർ

മനാമ: രാജ്യത്തെ തൊഴിൽ മേഖലകളിൽ അനധികൃതമായി ജോലി ചെയുന്നവർക്കെതിരെയുള്ള പരിശോധനകൾ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ശക്തമാക്കി. ഇതോടൊപ്പം അനധികൃതമായി പ്രവർത്തിക്കുന്ന റിക്രൂട്ട്മെന്റ് ഏജൻസി നടത്തിപ്പുകാരെയും പിടികൂടുന്നുണ്ട്. മതിയായ ലൈസൻസുകൾ ഇല്ലാത്ത ഏജൻസികളിൽ നിന്ന് സേവനം സ്വീകരിക്കരുതെന്നും എൽ.എം.ആർ.എ സി.ഇ.ഒ ഒസാമ അൽ അബ്‌സി ആവശ്യപ്പെട്ടു.
കഴിഞ്ഞ മെയ് മാസം മുതൽ 61 അനധികൃത റിക്രൂട്ടിങ് സ്ഥാപനങ്ങൾ ആണ് എൽ.എം.ആർ.എ അധികൃതർ അടപ്പിച്ചത്. 162 അനധികൃത തൊഴിലാളികളെ ആണ് ഇവിടെ നിന്ന് കണ്ടെത്തിയത്. പല ക്ലീനിങ് കന്പനികളും ലൈസൻസ് ഇല്ലാതെ റിക്രൂട്ട്മെന്റ് ഏജൻസികൾ ആയി പ്രവർത്തിക്കുന്നുണ്ട്. മണിക്കൂർ അടിസ്ഥാനത്തിൽ ആണ് ഇവർ തൊഴിലാളികളെ നൽകുന്നത്. അതേസമയം നിലവിൽ രാജ്യത്ത് 82 സ്ഥാപനങ്ങൾക്ക് മാത്രമാണ് റിക്രൂട്ട്മെന്റ്് നടത്താനുള്ള ലൈസൻസ് ഉള്ളത്.