ഇന്ത്യയിൽ നിന്ന് കൂടുതൽ യാത്രക്കാർക്ക് അനുമതി നൽകി ബഹ്റൈൻ
മനാമ: കൂടുതൽ യാത്രക്കാരെ ബഹ്റൈനിലേയ്ക്ക് തിരികെ എത്തിക്കാൻ എംബസി നടത്തുന്ന ശ്രമങ്ങൾക്ക് ബഹ്റൈൻ ഗവൺമെന്റ് നൽകുന്ന പിന്തുണ ഏറുന്നു. ഇന്നലെ കൂടുതൽ യാത്രക്കാരുടെ പട്ടികയ്ക്കാണ് ബഹ്റൈൻ വിദേശകാര്യമന്ത്രാലയം അംഗീകാരം നൽകിയിരിക്കുന്നത്.
ഇന്ത്യൻ എംബസിയിൽ പേര് റജിസ്റ്റർ ചെയ്തവരിൽ നിന്നാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ആദ്യം റജിസ്റ്റർ ചെയ്തവരെ ആദ്യം എന്ന രീതിയിലാണ് യാത്രക്കാരെ ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ബഹ്റൈൻ വിദേശകാര്യമന്ത്രാലയം അംഗീകരിച്ച പട്ടികയിൽ ഉൾപ്പെട്ടവരെ മാത്രമേ എംബസിയിൽ നിന്ന് ഇമെയിൽ മുഖേനയോ, ടെലിഫോൺ മുഖേനയോ ബന്ധപ്പെടുകയുള്ളൂ. ഇതേ പട്ടിക മനാമയിലെ എയർ ഇന്ത്യ ഓഫീസിലും നൽകുന്നതാണ്. ഇവിടെ നിന്നാണ് ടിക്കറ്റെടുത്ത് യാത്രക്കാർ ബഹ്റൈനിലേയ്ക്ക് അനുവദിച്ചിട്ടുള്ള വിമാനങ്ങളിൽ വരേണ്ടത്.

