ഇറാനിയൻ ഭീകരാക്രമണങ്ങൾക്ക് പിന്തുണ: മൂന്ന് പേർക്ക് 10 വർഷം വരെ തടവുശിക്ഷ വിധിച്ച് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈന് നേരെ നടന്ന ഇറാനിയൻ ഭീകരാക്രമണങ്ങളെ സോഷ്യൽ മീഡിയയിലൂടെ പിന്തുണയ്ക്കുകയും പ്രശംസിക്കുകയും ചെയ്ത കേസുകളിൽ മൂന്ന് പ്രതികൾക്ക് 10 വർഷം വരെ തടവുശിക്ഷ വിധിച്ച് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി. മൂന്ന് വ്യത്യസ്ത കേസുകളിലായാണ് വിധി.
വിലക്കപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, ചിത്രീകരണം നിരോധിച്ച സുപ്രധാന കേന്ദ്രങ്ങളുടെ ചിത്രങ്ങളെടുക്കുക എന്നീ കുറ്റങ്ങളും പ്രതികൾക്കെതിരെ തെളിഞ്ഞിട്ടുണ്ട്. തടവുശിക്ഷയ്ക്ക് പുറമെ പ്രതികളിൽ ചിലർക്ക് 5,000 ദീനാർ വരെ പിഴ ചുമത്താനും ഇളവുകളില്ലാതെ സാമഗ്രികൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ബഹ്‌റൈനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ പ്രശംസിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് സുരക്ഷാ വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. രാജ്യത്തിന്റെ സുപ്രധാന കേന്ദ്രങ്ങളുടെ ചിത്രങ്ങളും വീഡിയോകളും നിരോധിത വിവരങ്ങളും ഇവർ പ്രചരിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ അക്കൗണ്ടുകൾ കൈകാര്യം ചെയ്തവരെ സുരക്ഷാസേന തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്യുകയും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്ത പബ്ലിക് പ്രൊസിക്യൂഷൻ, പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ സാങ്കേതിക വിദഗ്ദ്ധർ വഴി പരിശോധിച്ച ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്.
asff

