ജിമ്മിലെ കനത്ത ഹെഡ്‌ഫോൺ സംഗീതം കേൾവിശക്തി കുറയ്ക്കും: മുന്നറിയിപ്പുമായി ഇ.എൻ.ടി വിദഗ്ദ്ധ
പ്രദീപ് പുറവങ്കര
മനാമ: ജിമ്മുകളിലെ ഉച്ചത്തിലുള്ള മ്യൂസിക്, ഉപകരണങ്ങളുടെ ബഹളം, സംസാരങ്ങൾ എന്നിവ ഒഴിവാക്കാനാണ് പലരും ഹെഡ്‌ഫോണുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഈ ശബ്ദങ്ങളെ മറികടക്കാൻ ഹെഡ്‌ഫോണിൽ വ്യായാമത്തിനിടെ ഉയർന്ന ശബ്ദത്തിൽ പാട്ട് കേൾക്കുന്നത് കേൾവിശക്തിയെ ഗുരുതരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്.
ഹെഡ്‌ഫോണുകളിലൂടെ തുടർച്ചയായി ഉയർന്ന ശബ്ദത്തിൽ സംഗീതം കേൾക്കുന്നത് ടിന്നിറ്റസ് എന്ന അവസ്ഥ, കേൾവിശക്തി പൂർണ്ണമായോ ഭാഗികമായോ നഷ്ടപ്പെടൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഇ.എൻ.ടി കൺസൾട്ടന്റ് ഡോ. ഹാല രാധി മുന്നറിയിപ്പ് നൽകുന്നു. പാട്ട് നിർത്തിയാലും ചെവിക്കുള്ളിൽ അനുഭവപ്പെടുന്ന വിട്ടുമാറാത്ത മൂളലോ മുഴക്കമോ ആണ് 'ടിന്നിറ്റസ്'.
ഉയർന്ന ശബ്ദവുമായി തുടർച്ചയായി സമ്പർക്കത്തിൽ വരുന്നത് കേൾവിശക്തിയെ സഹായിക്കുന്ന ചെവിക്കുള്ളിലെ നാഡി കോശങ്ങൾക്ക് നാശമുണ്ടാക്കും. ശബ്ദത്തിന്റെ തീവ്രതയും അതുമായി സമ്പർക്കത്തിൽ വരുന്ന സമയദൈർഘ്യവും വർദ്ധിക്കുന്നതിനനുസരിച്ച് ഈ അപകടസാധ്യത കൂടുന്നതായും ഡോക്ടർ വ്യക്തമാക്കി.
ശബ്ദം മൂലം ചെവിക്ക് സംഭവിക്കുന്ന തകരാറുകൾ മാസങ്ങളും വർഷങ്ങളും എടുത്താണ് പുറത്തുവരുന്നത്. അതിനാൽ കേൾവിശക്തിയിൽ വരുന്ന മാറ്റങ്ങൾ പെട്ടെന്ന് ആളുകളുടെ ശ്രദ്ധയിൽ പെടണമെന്നില്ല.
ജിമ്മിൽ ഹെഡ്‌ഫോൺ ഉപയോഗിക്കുന്നത് പൂർണ്ണമായി ഒഴിവാക്കേണ്ടതില്ലെന്നും എന്നാൽ ശബ്ദത്തിന്റെ അളവ് കുറയ്ക്കാനും, പ്രത്യേകം ബഹളമയമായ സാഹചര്യങ്ങളിൽ ഹെഡ്‌ഫോൺ ഉപയോഗിക്കുന്ന സമയം പരിമിതപ്പെടുത്താനും ഡോ. ഹാല രാധി നിർദ്ദേശിക്കുന്നു.
cbcbv

