ഫ്ലാറ്റിലെ തീപിടുത്തത്തിൽ മുറിയിൽ ഉണ്ടായിരുന്നയാൾ മരിച്ചു: ഏഷ്യൻ യുവതിക്ക് ഒരു വർഷം തടവും നാടുകടത്തലും വിധിച്ച് ബഹ്‌റൈൻ കോടതി
പ്രദീപ് പുറവങ്കര
മനാമ: താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിൽ കൂടെ താമസിച്ചിരുന്ന സ്ത്രീ മരിച്ച സംഭവത്തിൽ 21 കാരിയായ ഏഷ്യൻ യുവതിക്ക് ഒരു വർഷത്തെ തടവുശിക്ഷ വിധിച്ച് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ രാജ്യത്ത് നിന്ന് സ്ഥിരമായി നാടുകടത്താനും കോടതി ഉത്തരവിട്ടു.
2026 മാർച്ച് 20-നായിരുന്നു സംഭവം. കമ്പനി വക അപ്പാർട്ട്‌മെന്റിലെ കിടപ്പുമുറിയിലെ ചെറിയ തടി മേശപ്പുറത്ത് പ്രാർത്ഥനയ്ക്കായി യുവതി കത്തിച്ചുവെച്ച മെഴുകുതിരിയിൽ നിന്നാണ് തീപടർന്നത്.
മെഴുകുതിരിയിൽ നിന്ന് തടി മേശയിലേക്കും സമീപത്തുണ്ടായിരുന്ന സാധനങ്ങളിലേക്കും തീ പടരുകയായിരുന്നു. മുറിയിൽ നിന്ന് കനത്ത പുകയും തീജ്വാലകളും ഉയർന്നതോടെ കൂടെയുണ്ടായിരുന്ന മറ്റ് സ്ത്രീകൾക്ക് രക്ഷപ്പെടുത്താൻ സാധിക്കാതെ ഇരയായ സ്ത്രീ മുറിക്കുള്ളിൽ കുടുങ്ങിപ്പോയി.
സാധാരണയായി താൻ ദിവസം മുഴുവൻ മെഴുകുതിരി കത്തിച്ചുവെക്കാറുണ്ടെന്നും, മേശ തടിയുടേതാണെന്ന് അറിഞ്ഞിട്ടും അടിയിൽ പ്ലേറ്റ് വെച്ചിരുന്നില്ലെന്നും യുവതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ഉച്ചയ്ക്ക് 2:20-ഓടെ ഫയർ അലാറം ഉയർന്നതിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. അഗ്നിശമന സേനയെത്തി തീയണയ്ക്കുകയും മുറിക്കുള്ളിൽ കുടുങ്ങിയ സ്ത്രീയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തടി മേശപ്പുറത്ത് കത്തുന്ന മെഴുകുതിരി അശ്രദ്ധമായി വെച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് ക്രൈം സീൻ ഡിപ്പാർട്ട്‌മെന്റിന്റെ റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചു.
sdfdsf

