ഭീകരവിരുദ്ധ കേസ്: മൂന്ന് പേർക്ക് 15 വർഷം വീതം തടവുശിക്ഷ വിധിച്ച് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി
പ്രദീപ് പുറവങ്കര
മനാമ: ഭീകരസംഘടനയിൽ അംഗങ്ങളാകുകയും ബഹ്‌റൈന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ രാജ്യത്തിനെതിരെ ശത്രുതാപരമായ ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത രണ്ട് വ്യത്യസ്ത കേസുകളിലായി മൂന്ന് പ്രതികൾക്ക് 15 വർഷം വീതം തടവുശിക്ഷ വിധിച്ച് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി.
പ്രതികളിൽ രണ്ടുപേർക്ക് രണ്ട് ആയിരം ദീനാർ വീതം പിഴ ചുമത്തിയ കോടതി, ഇയാളിൽ നിന്ന് പിടിച്ചെടുത്ത സാമഗ്രികൾ കണ്ടുകെട്ടാനും ഉത്തരവിട്ടു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഫോറൻസിക് സയൻസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ബഹ്‌റൈനെ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന ഭീകരസംഘടനയിലാണ് പ്രതികൾ പ്രവർത്തിച്ചിരുന്നതെന്ന് പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കി. പൊതുജനസമാധാനം തകർക്കുക, ദേശീയ സുരക്ഷയ്ക്കും സുരക്ഷിതത്വത്തിനും ഭീഷണി ഉയർത്തുക, ഭയാന്തരീക്ഷം സൃഷ്ടിക്കുക, ഭരണഘടനാ സ്ഥാപനങ്ങളുടെയും പൊതുഅധികാരികളുടെയും പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുക എന്നിവയായിരുന്നു സംഘടനയുടെ പ്രധാന ലക്ഷ്യങ്ങൾ.
രാജ്യത്തിനുള്ളിൽ വിവിധ ചുമതലകൾ ഏറ്റെടുത്ത് പ്രവർത്തിച്ച പ്രതികൾ, ഭീകരസംഘടനയിലെ അംഗങ്ങൾക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിനായി പണം കൈമാറുന്നതിലും കൈപ്പറ്റുന്നതിലും പങ്കാളികളായതായും അന്വേഷണത്തിൽ കണ്ടെത്തി.
ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പബ്ലിക് പ്രൊസിക്യൂഷൻ അറിയിച്ചു. കേസിൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ സാങ്കേതിക വിദഗ്ദ്ധർ പരിശോധിച്ച് കുറ്റം തെളിയിക്കുകയും ചെയ്ത ശേഷമാണ് വിധി പ്രസ്താവിച്ചത്.
sdfs

