ഇന്ത്യയുമായുള്ള ടെസ്റ്റ് മത്സരങ്ങൾക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്
ഷീബ വിജയൻ
കൊളംബോ: ഇന്ത്യയ്ക്കെതിരെ നടക്കാനിരിക്കുന്ന രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര കാണാൻ ആരാധകർക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. ടെസ്റ്റ് മത്സരങ്ങൾക്ക് കാണികൾ കുറയുന്ന പശ്ചാത്തലത്തിൽ, ഗാലറികൾ സജീവമാക്കാനാണ് ടിക്കറ്റ് വരുമാനം വേണ്ടെന്നുവെച്ചുള്ള ശ്രീലങ്കൻ ക്രിക്കറ്റിന്റെ ഈ നീക്കം. ശുഭ്മൻ ഗിൽ നയിക്കുന്ന ഇന്ത്യൻ ടീമും ശ്രീലങ്കയും തമ്മിലുള്ള പോരാട്ടം നേരിട്ട് കാണാൻ ലങ്കയിലെയും മറ്റ് രാജ്യങ്ങളിലെയും ക്രിക്കറ്റ് പ്രേമികൾക്ക് ഇത് മികച്ച അവസരമാകും. 2025-27 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് സൈക്കിളിന്റെ ഭാഗമാണ് ഈ പരമ്പര.
ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 15 മുതൽ 19 വരെ ഗാലെ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും. രണ്ടാം മത്സരത്തിന് ഓഗസ്റ്റ് 23 മുതൽ 27 വരെ കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ്ബ് വേദിയാകും. സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ പ്രവേശനം സുഗമമാക്കുന്നതിനായി പ്രത്യേക ഗേറ്റുകളും ബോർഡ് നിശ്ചയിച്ചിട്ടുണ്ട്. യുവ ക്രിക്കറ്റ് താരങ്ങൾക്ക് പ്രചോദനമാകാനും ആരാധകർക്ക് കുടുംബത്തോടൊപ്പമെത്തി ടെസ്റ്റ് ക്രിക്കറ്റിന്റെ ആവേശം ആസ്വദിക്കാനും ഈ അവസരം ഉപകരിക്കുമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.
അതേസമയം, പരമ്പരയ്ക്ക് മുന്നോടിയായി കൊളംബോയിൽ ശ്രീലങ്കൻ ഇലവനെതിരെ ആരംഭിച്ച ത്രിദിന സന്നാഹ മത്സരം പുരോഗമിക്കുകയാണ്. വലതുകൈയിലെ വിരലിന് പരിക്കേറ്റതിനെ തുടർന്ന് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ മാറിനിന്നതോടെ കെഎൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ഒന്നാംദിനം 8 വിക്കറ്റ് നഷ്ടത്തിൽ 363 റൺസ് നേടിയ ശ്രീലങ്ക ഇലവൻ, രണ്ടാംദിനം മത്സരം തുടങ്ങുന്നതിനു മുൻപായി ഇതേ സ്കോറിൽ ഡിക്ലയർ ചെയ്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 17 ഓവർ പിന്നിടുമ്പോൾ ഒരുവിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്നനിലയിലാണ്. കെഎൽ രാഹുൽ (23*), ദേവ്ദത്ത് പടിക്കൽ (44*) എന്നിവരാണ് ക്രീസിൽ. സ്കോർ ബോർഡ് തുറക്കും മുൻപ് യുവ ഓപണർ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി.
sdsdssd

