ഫുഡ് ട്രക്കുകൾക്കായി ബഹ്‌റൈനിൽ എട്ട് പൊതു ഇടങ്ങൾ അനുവദിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ നാല് ഗവർണറേറ്റുകളിലുമായി ഫുഡ് ട്രക്കുകളുടെ പ്രവർത്തനത്തിനായി എട്ട് പൊതു ഇടങ്ങൾ മുൻസിപ്പാലിറ്റി കാര്യ കർഷക മന്ത്രാലയം അനുവദിച്ചു. അതിവേഗം വളരുന്ന ഈ മേഖലയെ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കൂടുതൽ സ്ഥലങ്ങൾ ഉടൻ തന്നെ പട്ടികയിൽ ഉൾപ്പെടുത്തും. ഇതോടൊപ്പം ഫുഡ് ട്രക്കുകൾ രജിസ്റ്റർ ചെയ്യാനും പൊതു ഇടങ്ങളിൽ പ്രവർത്തിക്കുന്നതിനുള്ള പെർമിറ്റ് നേടാനുമായി മന്ത്രാലയം പുതിയ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമും പുറത്തിറക്കി.
മുഹറഖ് ഗവർണറേറ്റിലെ ബ്ലോക്ക് 233-ലെ മുഹറഖ് റിംഗ് റോഡിന് സമീപമുള്ള സ്ഥലമാണ് ഫുഡ് ട്രക്കുകൾക്കായി അനുവദിച്ചിരിക്കുന്നത്. കാപ്പിറ്റൽ ഗവർണറേറ്റിൽ ബ്ലോക്ക് 381-ലെ സിത്ര വാക്ക വേ, ബ്ലോക്ക് 357-ലെ ഐൻ ഖസാരി എന്നിവയും സതേൺ ഗവർണറേറ്റിൽ ബ്ലോക്ക് 903-ലെ ഐൻ അൽ ഹുനൈനിയ്യ, ബ്ലോക്ക് 957-ലെ ഖലീഫ കുബ്ര ഗാർഡൻ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. നോർത്തേൺ ഗവർണറേറ്റിൽ ബ്ലോക്ക് 544-ലെ അബു സുഭ് ബീച്ച്, ബ്ലോക്ക് 957-ലെ ബുദയ്യ ബീച്ച്, ബ്ലോക്ക് 1033-ലെ മാൽകിയ ബീച്ച് എന്നീ തീരദേശ മേഖലകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പെർമിറ്റിനായി ബിസിനസ്സ് ഉടമകൾക്ക് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ 'food vending truck e-services' വഴി അപേക്ഷിക്കാം. സ്വകാര്യ സ്ഥലങ്ങളിൽ ഫുഡ് ട്രക്കുകൾ നിർത്തിയിടുന്നതിന് ഭൂവുടമയുടെ രേഖാമൂലമുള്ള അനുമതി, ലീസ് കരാർ, സ്ഥലത്തിന്റെ ചിത്രം എന്നിവ സഹിതം അതത് മുൻസിപ്പാലിറ്റിയുമായി ബന്ധപ്പെടണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ വർഷം അവസാനത്തോടെ ആകെ 12 കേന്ദ്രങ്ങൾ പൂർണ്ണ അടിസ്ഥാന സൗകര്യങ്ങളോടെ സജ്ജമാക്കുമെന്ന് മുൻസിപ്പാലിറ്റി കാര്യ കർഷക മന്ത്രി വാഇൽ അൽ മുബാറക് അറിയിച്ചു.
നിയമലംഘനങ്ങളും നഗരത്തിലെ അശാസ്ത്രീയമായ നിർമ്മാണങ്ങളും ഒഴിവാക്കാൻ ഫുഡ് ട്രക്ക് ഉടമകൾക്ക് ചട്ടങ്ങൾ പാലിക്കാൻ ഡിസംബർ 21 വരെ സമയം അനുവദിച്ചിട്ടുണ്ട്. ജനവാസ മേഖലകളിൽ പ്രവർത്തിക്കുന്ന ഫുഡ് ട്രക്കുകൾ നിശബ്ദ ജനറേറ്ററുകൾ ഉപയോഗിക്കണമെന്നും, രാവിലെ 6 മുതൽ അർദ്ധരാത്രി 12 വരെ മാത്രമേ പ്രവർത്തിക്കാവൂ എന്നും, മറ്റ് കെട്ടിടങ്ങളിൽ നിന്നും ട്രക്കുകളിൽ നിന്നും കുറഞ്ഞത് 20 മീറ്റർ അകലം പാലിക്കണമെന്നും തുടങ്ങിയ കർശന നിബന്ധനകൾ നിലവിലുണ്ട്.
dsfsdf

