120-ലധികം തൊഴിലാളികൾക്ക് സൂര്യാഘാത പ്രതിരോധ പരിശീലനം നൽകി ബഹ്‌റൈൻ ഫ്രീ ലേബർ യൂണിയൻസ് ഫെഡറേഷൻ
പ്രദീപ് പുറവങ്കര
മനാമ: ഈസ്റ്റ് സിത്ര ഹൗസിംഗ് പ്രൊജക്റ്റിലെ 120-ലധികം തൊഴിലാളികൾക്ക് സൂര്യാഘാതം (Heatstroke), കടുത്ത ചൂട് മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ (Heat stress) എന്നിവ തിരിച്ചറിയുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ സഹപ്രവർത്തകരെ സഹായിക്കുന്നതിനുമായി പ്രായോഗിക പരിശീലനം നൽകി.
വേനൽക്കാലത്ത് വെയിലത്ത് ജോലി ചെയ്യുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ബഹ്‌റൈൻ ഫ്രീ ലേബർ യൂണിയൻസ് ഫെഡറേഷൻ (BFTUAF) ഒക്കുപ്പേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായ 14-ാം വർഷമാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
വ്യത്യസ്ത ഭാഷകളിൽ സംഘടിപ്പിച്ച പരിശീലനത്തിൽ, ചൂട് മൂലമുണ്ടാകുന്ന ശാരീരിക ലക്ഷണങ്ങൾ തിരിച്ചറിയുന്നതിനും അടിയന്തര വൈദ്യസഹായം ലഭിക്കുന്നതിന് മുമ്പ് സഹപ്രവർത്തകർക്ക് നൽകേണ്ട പ്രാഥമിക ശുശ്രൂഷകളെക്കുറിച്ചും വിശദീകരിച്ചു. പരിശീലനത്തിൽ പങ്കെടുത്ത തൊഴിലാളികൾക്ക് ജോലിസമയത്ത് തണുത്ത വെള്ളം സൂക്ഷിക്കാനുള്ള ഇൻസുലേറ്റഡ് വാട്ടർ ബോട്ടിലുകളും ശരീര താപനില കുറയ്ക്കാൻ സഹായിക്കുന്ന കൂളിംഗ് ടവലുകളും വിതരണം ചെയ്തു.
ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെ പ്രാബല്യത്തിലുള്ള ബഹ്‌റൈനിലെ ഉച്ചവിശ്രമ നിയമത്തോട് അനുബന്ധിച്ചാണ് ഈ അവബോധ ക്യാമ്പയിൻ നടക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണി വരെ തുറസ്സായ സ്ഥലങ്ങളിലും നേരിട്ട് വെയിൽ ഏൽക്കുന്ന ഇടങ്ങളിലും ജോലി ചെയ്യുന്നത് നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്.
തൊഴിലാളികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് ഫെഡറേഷൻ മുൻഗണന നൽകുന്നതെന്ന് ബി.എഫ്.ടി.യു.എഫ് പ്രസിഡന്റ് യാക്കൂബ് യൂസുഫ് മുഹമ്മദ് പറഞ്ഞു. ഇത്തരം അവബോധ പരിപാടികൾ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം അവരുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
dfgdg

