ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം
പ്രദീപ് പുറവങ്കര
മനാമ: ഗവൺമെന്റ് ഉദ്യോഗസ്ഥരെന്ന വ്യാജേന നടത്തുന്ന ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക ഇടപാടുകളും പണമിടപാടുകളും അംഗീകൃത ചാനലുകൾ വഴി മാത്രം നടത്തണമെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. മന്ത്രാലയ ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തുന്ന തട്ടിപ്പുകാരുടെ വലയിൽ വീഴരുതെന്ന് പൊലീസ് മീഡിയ സെന്റർ ക്യാപ്റ്റൻ മനാഫ് അൽ ഖത്താൻ വീഡിയോ സന്ദേശത്തിലൂടെ പൗരന്മാരോടും പ്രവാസികളോടും അഭ്യർത്ഥിച്ചു.
ഒരു സർക്കാർ സ്ഥാപനവും പൊതുവഴികളിൽ പണം ചോദിച്ചോ ശേഖരിച്ചോ ജീവനക്കാരെ അയക്കാറില്ലെന്ന് ക്യാപ്റ്റൻ അൽ ഖത്താൻ വ്യക്തമാക്കി. ഉദ്യോഗസ്ഥരെന്ന വ്യാജേന ആളുകളിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.
ഈ വർഷം ആദ്യം പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന കാർ വർക്ക്‌ഷോപ്പ് റെയ്ഡ് ചെയ്യുകയും തൊഴിലാളികളെ മർദ്ദിച്ച് കവർച്ച നടത്തുകയും ചെയ്ത അഞ്ച് ബഹ്‌റൈൻ പൗരന്മാർക്ക് ഹൈ ക്രിമിനൽ കോടതി അഞ്ച് വർഷം തടവുശിക്ഷ വിധിച്ചിരുന്നു. കഴിഞ്ഞ വർഷം സി.ഐ.ഡി ഏജന്റെന്ന് നടിച്ച് വിസ കാലാവധി കഴിഞ്ഞ ഏഷ്യൻ പ്രവാസികളിൽ നിന്ന് 'പിഴ' എന്ന പേരിൽ പണം തട്ടിയ 23 കാരനായ പ്രവാസി യുവാവിന് കോടതി മൂന്ന് വർഷം തടവും നാടുകടത്തലും വിധിച്ചിരുന്നു.
എല്ലാ സർക്കാർ സേവന ഇടപാടുകളും അടവുകളും അംഗീകൃത ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ വഴിയോ ബന്ധപ്പെട്ട അതോറിറ്റികളുടെ ഓഫീസുകൾ വഴിയോ മാത്രം നടത്തണമെന്ന് ആഭ്യന്തര മന്ത്രാലയം ഓർമ്മിപ്പിച്ചു. സംശയാസ്പദമായ ധനകാര്യ അഭ്യർത്ഥനകളോട് പ്രതികരിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വ്യാജ ലിങ്കുകൾക്കും വെബ്‌സൈറ്റുകൾക്കുമെതിരെ വ്യവസായ വാണിജ്യ മന്ത്രാലയത്തിലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ഡയറക്ടറേറ്റും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഗൂഗിൾ സെർച്ച് ഫലങ്ങളിൽ കാണുന്ന വ്യാജ ലിങ്കുകൾ വഴി വ്യക്തിഗത-ബാങ്കിംഗ് വിവരങ്ങൾ ചോർത്തുകയും പിന്നീട് വാട്‌സ്ആപ്പ് വഴി ബന്ധപ്പെടുകയും ചെയ്യുന്ന രീതി തട്ടിപ്പുകാർ ഉപയോഗിക്കുന്നുണ്ട്. ഉപഭോക്തൃ സംരക്ഷണ വിഭാഗം ഒരിക്കലും വാട്‌സ്ആപ്പ് വഴി ബന്ധപ്പെടാറില്ലെന്നും ബാങ്കിംഗ് വിവരങ്ങളോ ഒ.ടി.പിയോ ആരുമായും പങ്കുവെക്കരുതെന്നും അധികൃതർ വ്യക്തമാക്കി.
സംശയാസ്പദമായ തട്ടിപ്പുകൾ 'MyGov' ആപ്ലിക്കേഷൻ വഴിയോ സാമ്പത്തിക-ഇലക്ട്രോണിക് സുരക്ഷാ ഹോട്ട്‌ലൈനായ 992 വഴിയോ റിപ്പോർട്ട് ചെയ്യാവുന്നതാണ്. കഴിഞ്ഞ ജൂണിൽ മാത്രം ലഭിച്ച 1,553 ഓൺലൈൻ പരാതികളിൽ 322 എണ്ണം സാമ്പത്തിക സുരക്ഷാ വിഭാഗത്തിലേക്കും 395 എണ്ണം സൈബർ ക്രൈം വിഭാഗത്തിലേക്കുമാണ് കൈമാറിയത്.
dfgdsgd

