ഡിഎച്എൽ വഴി ബഹ്റൈനിൽ മരുന്നെത്തിത്തുടങ്ങി
മനാമ: നോർക്കയും കൊറിയർ കന്പനിയായ ഡിഎച്ച്എലുമായി ചേർന്നു നാട്ടിൽ നിന്നും മരുന്നുകൾ വ്യക്തികൾക്ക് എത്തിച്ചു കൊടുന്ന പദ്ധതി പ്രകാരം പലർക്കും ബഹ്റൈനിൽ മരുന്നുകൾ ലഭ്യമായി തുടങ്ങി. നോർക്ക ഹെൽപ്പ് ഡസ്കിലൂടെ ഇതുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. കേരളത്തിലെ ഓരോ ജില്ലയിലെയും ഡിഎച്ച്എൽ നന്പറുകളിൽ ബന്ധപ്പെട്ടാൽ മരുന്നുകൾ എത്തിക്കുവാനുള്ള സൗകര്യങ്ങൾ ചെയ്യുന്നുണ്ട്.
മരുന്നുകൾ അയക്കുന്ന ആളിന്റേയും മരുന്ന് ഇവിടെ സ്വീകരിക്കുന്ന ആളിന്റേയും വ്യക്തമായ മേൽവിലാസങ്ങളും ഡോക്ടർ നൽകിയ മരുന്നിന്റെ കുറിപ്പിന്റെ കോപ്പിയും ഇതോടൊപ്പം നിർബന്ധമാണ്. അതേസമയം നിരോധിത മരുന്നുകൾ കൊണ്ടുവന്നാൽ നിയമ നടപടികൾ വരെ നേരിടേണ്ടതായി വരുമെന്നും നോർക്ക ഹെൽപ് ഡെസ്ക് അറിയിച്ചു. അത്തരം കാര്യങ്ങളിൽ സംശയങ്ങൾ ഉണ്ടെങ്കിൽ മരുന്നുകൾ കൊണ്ടുവരുന്നതിന് മുന്പായി നോർക്ക ഹെൽപ് ഡെസ്‌കുമായി സഹകരിക്കുന്ന ഡോ. ബാബു രാമചന്ദ്രനെയോ ഡോ. നജീബിനെയോ ബന്ധപ്പെട്ട് സംശയനിവാരണം നടത്തേണ്ടതാണ്. ഇതേപറ്റി കൂടുതലറിയാൻ 38384504 എന്ന നന്പറിലാണ് വിളിക്കേണ്ടത്.

