ഭക്ഷ്യസുരക്ഷ, ഡിജിറ്റൽ സേവനങ്ങൾ, നഗരവികസനം: മന്ത്രിതല സമിതി യോഗത്തിൽ പുരോഗതി വിലയിരുത്തി ബഹ്‌റൈൻ
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തെ ഭക്ഷ്യസുരക്ഷ ശക്തമാക്കൽ, ഡിജിറ്റൽ സർക്കാർ സേവനങ്ങൾ വിപുലീകരിക്കൽ, നഗരവികസന പദ്ധതികൾ മെച്ചപ്പെടുത്തൽ എന്നിവ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി വികസന-അടിസ്ഥാന സൗകര്യ പദ്ധതികൾക്കായുള്ള മന്ത്രിതല സമിതി. ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ അധ്യക്ഷതയിലാണ് സമിതിയുടെ 319-ാമത് യോഗം ചേർന്നത്.
ബുരിയിലെ പുതിയ കാർഷിക പ്ലോട്ടുകളുടെ വികസന പുരോഗതി യോഗം വിലയിരുത്തി. ഇവിടെ അടിസ്ഥാന സൗകര്യ വികസന ജോലികൾ 87 ശതമാനം പൂർത്തിയായതായും, ഭൂമി ബഹ്‌റൈനി കർഷകർക്ക് കൈമാറിയതായും സമിതി വ്യക്തമാക്കി. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ കാർഷിക മേഖല നൽകുന്ന സംഭാവനകളെ യോഗം അഭിനന്ദിച്ചു.
സർവേ ആൻഡ് ലാന്റ് രജിസ്ട്രേഷൻ ബ്യൂറോയും സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റും സംയുക്തമായി ആരംഭിച്ച പുതിയ ഡിജിറ്റൽ സേവനങ്ങളെ സമിതി സ്വാഗതം ചെയ്തു. നടപടിക്രമങ്ങൾ ലളിതമാക്കാനും പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും ഡിജിറ്റൽവൽക്കരണം സഹായിക്കുമെന്ന് സമിതി വിലയിരുത്തി. ബഹ്‌റൈന്റെ അധ്യക്ഷതയിൽ നടന്ന ജി.സി.സി തപാൽ ടെലികമ്മ്യൂണിക്കേഷൻ മന്ത്രിതല യോഗത്തിന്റെ വിജയകരമായ സംഘാടനത്തെയും സമിതി എടുത്തുപറഞ്ഞു.
ഇതിനുപുറമെ, അദ്‌ലിയയിലെ ബ്ലോക്ക് 338-ന്റെ വടക്കൻ ഭാഗത്തുള്ള കെട്ടിടങ്ങളുടെ മുൻഭാഗത്തെ രൂപകൽപ്പനയും സാങ്കേതിക നിലവാരവും നിശ്ചയിക്കുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾക്ക് സമിതി അംഗീകാരം നൽകി. അടിയന്തിരമായി വരുത്തേണ്ട മാറ്റങ്ങൾ, കെട്ടിട രൂപകൽപ്പന, അടിസ്ഥാന സൗകര്യ മാനദണ്ഡങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് ഈ നിർദ്ദേശങ്ങൾ. ഇതനുസരിച്ചുള്ള നടപടികൾ സ്വീകരിക്കാൻ പാർപ്പിട-നഗരാസൂത്രണ മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
#4PMNews #BahrainDevelopment #FoodSecurity #DigitalBahrain
adsdsadss
adsdsadss

