പ്രത്യേക പാസ്പോർട്ട് നിയമത്തിൽ ഭേദഗതിയുമായി ബഹ്റൈൻ സർക്കാർ; മുൻ എം.പിമാർക്കും ബ്രിഗേഡിയർമാർക്കും പ്രത്യേക പാസ്പോർട്ട് ലഭിക്കില്ല
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ പാസ്പോർട്ട് നിയമത്തിൽ വരുത്തിയ പുതിയ ഭേദഗതികൾ സർക്കാരിന്റെ പരിഗണനയ്ക്കായി ശൂറ കൗൺസിലിന് കൈമാറി. ഇതനുസരിച്ച് മുൻ എം.പിമാർക്കും ഷൂറ കൗൺസിൽ അംഗങ്ങൾക്കും വിരമിച്ച ശേഷം പ്രത്യേക പാസ്പോർട്ടിനുള്ള (Special Passport) അവകാശം ഉണ്ടായിരിക്കില്ല. കൂടാതെ സൈനിക വിഭാഗത്തിലെ ബ്രിഗേഡിയർമാരെയും ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
1975-ലെ പാസ്പോർട്ട് നിയമത്തിലെ 9-ാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ ഉത്തരവ് നടപ്പിലാക്കുന്നത്. നിലവിലുള്ള എം.പിമാർക്കും ഷൂറ കൗൺസിൽ അംഗങ്ങൾക്കും ഈ ആനുകൂല്യം തുടരുമെങ്കിലും, പദവി ഒഴിഞ്ഞവർക്ക് ഇനി മുതൽ ഈ പാസ്പോർട്ട് ലഭിക്കില്ല. എന്നാൽ പാർലമെന്റ് മുൻ സ്പീക്കർമാർക്കും ശൂറ കൗൺസിൽ മുൻ ചെയർമാൻമാർക്കും ഈ യോഗ്യത തുടർന്നും ഉണ്ടായിരിക്കും.
സൈനിക വിഭാഗത്തിൽ മേജർ ജനറലോ അതിൽ ഉയർന്ന പദവിയോ ഉള്ള ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കും ഇനി മുതൽ പ്രത്യേക പാസ്പോർട്ടിന് അർഹതയുണ്ടാവുക. മുൻകാലങ്ങളിൽ ബ്രിഗേഡിയർ പദവിയിലുള്ളവർക്കും ഇത് ലഭിച്ചിരുന്നു. ഔദ്യോഗിക പാസ്പോർട്ടുകൾക്ക് അർഹരായ ഉദ്യോഗസ്ഥരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുൻപ് ഈ പദവിയിലിരുന്ന വിരമിച്ച ഉദ്യോഗസ്ഥർക്ക് അതത് മുൻ സൈനിക കമാൻഡിന്റെ അനുമതിയോടെ ഇത് ലഭിച്ചേക്കാം. എന്നാൽ അച്ചടക്കമില്ലായ്മയുടെ പേരിൽ പുറത്താക്കപ്പെട്ടവരെയോ കോടതി ഉത്തരവിലൂടെ സേവനം അവസാനിച്ചവരെയോ ഇതിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്.
ജുഡീഷ്യറി വിഭാഗത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കൺസ്റ്റിറ്റ്യൂഷണൽ കോടതിയിലെ അംഗങ്ങൾ, കോർട്ട് ഓഫ് കാസേഷൻ ജഡ്ജിമാർ, തത്തുല്യ പദവികൾ വഹിക്കുന്നവർ എന്നിവർക്ക് മാത്രമായി ജുഡീഷ്യറിയിൽ നിന്നുള്ള അർഹത ചുരുക്കി. മുനിസിപ്പൽ കൗൺസിൽ ചെയർമാൻമാരെയും അവരുടെ ഡെപ്യൂട്ടിമാരെയും ഒപ്പം പാർലമെന്ററി പ്രതിനിധി സംഘത്തോടൊപ്പം യാത്ര ചെയ്യുന്ന ജീവനക്കാരെയും പുതിയ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മന്ത്രാലയങ്ങളിൽ അണ്ടർസെക്രട്ടറി തലത്തിലോ അതിന് മുകളിലോ ഉള്ള ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് അവരുടെ അർഹത തുടരും. മുൻ മന്ത്രിമാർ, അണ്ടർസെക്രട്ടറിമാർ, അംബാസഡർമാർ എന്നിവർക്കും പ്രത്യേക പാസ്പോർട്ടുകൾ ലഭിക്കും, എന്നാൽ ഇതിനായി പ്രധാനമന്ത്രിയുടെ മുൻകൂർ അനുമതി നിർബന്ധമാണ്. ബഹ്റൈൻ എംബസികളിലും കോൺസുലേറ്റുകളിലും ജോലി ചെയ്യുന്ന അഡ്മിനിസ്ട്രേറ്റീവ്, ക്ലാറിക്കൽ ജീവനക്കാർക്ക് വിദേശകാര്യ മന്ത്രിയുടെ അനുമതിയോടെ ഈ ആനുകൂല്യം ലഭിക്കുന്നത് തുടരും.
#4PMNews #BahrainNews #PassportLaw #ShuraCouncil
dvdcdfsdsf

