ബഹ്‌റൈനിൽ സാമൂഹിക-സാംസ്‌കാരിക സംഘടനകൾക്ക് പുതിയ നിയമാവലി: ഭേദഗതികൾ നിർദേശിക്കാൻ രണ്ടാഴ്ചത്തെ സമയം


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ ക്ലബ്ബുകൾ, സാംസ്‌കാരിക-സാമൂഹിക സംഘടനകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിന് മുന്നോടിയായി ഭേദഗതികളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. സാമൂഹിക വികസന മന്ത്രി ഒസാമ അൽ അലവിയുടെ ഉത്തരവ് പ്രകാരമാണ് ഇത്.

സാമൂഹിക വികസന മന്ത്രാലയം അടിവരയിടുന്ന പുതിയ നിയമാവലി, സിവിൽ സൊസൈറ്റി സംഘടനകളുടെ ഗവേണൻസ് കൂടുതൽ ശക്തമാക്കാനും സുതാര്യത ഉറപ്പുവരുത്താനുമാണ് ലക്ഷ്യമിടുന്നത്. സാമ്പത്തിക കാര്യനിർവ്വഹണം, ഫണ്ട് ശേഖരണം, ഭരണസമിതി നിയമനങ്ങൾ, താൽപ്പര്യ വൈരുദ്ധ്യങ്ങൾ (Conflicts of Interest) ഒഴിവാക്കൽ, ജീവകാരുണ്യ സഹായങ്ങളുടെ വിതരണം എന്നിവയിൽ കർശനമായ മാനദണ്ഡങ്ങൾ പുതിയ മാർഗ്ഗരേഖ നിർദ്ദേശിക്കുന്നുണ്ട്.

ഇതുസംബന്ധിച്ച് സാമൂഹിക വികസന മന്ത്രാലയം സംഘടിപ്പിച്ച യോഗത്തിൽ നൂറോളം വിവിധ സംഘടനകളുടെ പ്രതിനിധികളും ഭാരവാഹികളും പങ്കെടുത്തു. അണ്ടർ സെക്രട്ടറി സിയാദ് ദർവീഷിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ കരട് നിർദ്ദേശങ്ങൾ വിശകലനം ചെയ്തു. ഭരണപരവും നിയമപരവുമായ ആവശ്യകതകൾ വ്യക്തമാക്കുന്നതിനൊപ്പം, സംഭാവനകളും ഫണ്ടുകളും കൃത്യമായ ആവശ്യങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സംഘടനകളുടെ പേരിൽ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകൾ നിർബന്ധമാക്കും. പൊതുജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കുന്നതിന് മുൻപായി മുൻകൂട്ടി എഴുതി തയ്യാറാക്കിയ അനുമതി പത്രം വാങ്ങണം. ശേഖരിച്ച തുകയും അത് ചെലവഴിച്ച വിധവും വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് ലൈസൻസ് കാലാവധി കഴിഞ്ഞ് 30 ദിവസത്തിനകം സമർപ്പിക്കേണ്ടി വരും. വിദേശത്തേക്ക് പണം അയക്കുന്നതിനും കൈപ്പറ്റുന്നതിനും മുൻകൂട്ടിയുള്ള അനുമതി ആവശ്യമാണ്. നിയമങ്ങൾ വ്യക്തമാക്കുന്നത് സംഘടനകളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും പാർലമെന്ററി കമ്മിറ്റി ചെയർമാൻ ഡോ. മുഹമ്മദ് അൽ ഒലൈവി അഭിപ്രായപ്പെട്ടു.

article-image

sdfdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed