കുടുംബവ്യവസ്ഥ പുരുഷകേന്ദ്രീകൃതം: കെ. ആർ. മീരബഹ്റൈൻ കേരളീയ സമാജം സാഹിത്യ സമ്മേളനത്തിൽ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ഭാഷയിലും വസ്ത്രത്തിലും സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലും സമരമുഖങ്ങളിലും ജനറേഷൻ സി (Gen Z) പുരുഷകേന്ദ്രീകൃത വ്യവസ്ഥകളെ വെല്ലുവിളിക്കുന്നുണ്ടെങ്കിലും, കുടുംബമെന്ന വ്യവസ്ഥ ഇപ്പോഴും പുരുഷകേന്ദ്രീകൃതമായിത്തന്നെ തുടരുകയാണെന്ന് പ്രമുഖ സാഹിത്യകാരി കെ. ആർ. മീര അഭിപ്രായപ്പെട്ടു. ദൗർഭാഗ്യവശാൽ സ്ത്രീകൾ ഈ വ്യവസ്ഥയുടെ ഇരകളും ചിലപ്പോഴൊക്കെ പ്രയോക്താക്കളുമായി മാറുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം സംഘടിപ്പിച്ച സാഹിത്യ സമ്മേളനത്തിന്റെ ഭാഗമായി നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. കേരളത്തിലെ നിലവിലെ സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ പശ്ചാത്തലങ്ങളെക്കുറിച്ചുള്ള തന്റെ നിലപാടുകളും വിമർശനങ്ങളും അവർ പരിപാടിയിൽ പങ്കുവെച്ചു.
സ്ത്രീകൾ സ്വന്തം ആശയാവിഷ്കാരങ്ങൾക്ക് മുതിരുമ്പോൾ പലതരം പരിഹാസങ്ങളെ നേരിടേണ്ടി വരുന്നുണ്ട്. പുരുഷന്മാരുടെ വിവിധങ്ങളായ പ്രിവിലേജുകളോട് നിരന്തരം പോരാടിക്കൊണ്ട് മാത്രമാണ് ഈ കാലഘട്ടത്തിലും സ്ത്രീകൾക്ക് രചനകൾ സാധ്യമാകുന്നതെന്ന് അവർ വിലയിരുത്തി. നാട്ടിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ചില കുട്ടികൾക്കുള്ള സാമ്പത്തിക സഹായം സമാജത്തിൽ നിന്ന് ഉറപ്പുനൽകിയതുകൊണ്ടാണ് ഇത്തവണ താൻ ബഹ്റൈൻ സന്ദർശിച്ചതെന്നും, സാഹിത്യത്തിലെ മൗലികമായ നീതിക്കും അവകാശങ്ങൾക്കുമായി നിയമപോരാട്ടത്തിൽ ആയതിനാൽ മറ്റു യാത്രകൾ തൽക്കാലത്തേക്ക് ഒഴിവാക്കിയിരിക്കുകയാണെന്നും കെ. ആർ. മീര വ്യക്തമാക്കി.
കെ. ആർ. മീരയുടെ എഴുത്തുകളും സാമൂഹിക വിമർശനങ്ങളും കേരളത്തിന്റെ സാമൂഹിക മനസ്സിന്റെ പ്രതിധ്വനിയാണെന്ന് സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള പറഞ്ഞു. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ ആശംസയും അറിയിച്ചു. കൺവീനർ ആദർശ് നന്ദി രേഖപ്പെടുത്തി.
asdasd

