ഐ.സി.ആർ.എഫ് പ്രതിനിധികൾ നിയുക്ത അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ നിയുക്ത ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിതുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി. കെ. തോമസിന്റെ നേതൃത്വത്തിലെത്തിയ സംഘം അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം നൽകുകയും പുതിയ ചുമതലയിൽ വിജയകരമായ നയതന്ത്ര കാലയളവ് ആശംസിക്കുകയും ചെയ്തു.
കൂടിക്കാഴ്ചയിൽ അസോസിയേഷന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങളെക്കുറിച്ചും ബഹ്റൈനിലെ പ്രവാസി ഭാരതീയർക്കായി നടത്തിവരുന്ന വിവിധ സാമൂഹിക ക്ഷേമ പദ്ധതികളെക്കുറിച്ചും പ്രതിനിധി സംഘം അംബാസഡറെ വിശദീകരിച്ചു.
ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിതിനെ ബഹ്റൈനിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും ഇന്ത്യൻ എംബസിയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കി പ്രവാസികൾക്ക് കൂടുതൽ സേവനങ്ങൾ ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതായും ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി. കെ. തോമസ് പറഞ്ഞു.
ഇന്ത്യൻ എംബസി നൽകിവരുന്ന പിന്തുണയ്ക്ക് അസോസിയേഷൻ നന്ദി അറിയിച്ചു. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് ആവശ്യമായ സഹായങ്ങൾ സമയബന്ധിതമായി എത്തിക്കുന്നതിനും പുതിയ ക്ഷേമപദ്ധതികൾ ആവിഷ്കരിക്കുന്നതിനും എംബസിയുമായി ചേർന്ന് തുടർന്നും സജീവമായി പ്രവർത്തിക്കുമെന്ന് ഐ.സി.ആർ.എഫ് ഭാരവാഹികൾ വ്യക്തമാക്കി.
dsfdsf

