സർക്കാരിന്റെ പ്രവാസി വിരുദ്ധ നടപടി അംഗീകരിക്കാനാവില്ല: ബഹ്റൈൻ കെ.എം.സി.സി
മനാമ: ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് ഭീതിയിൽ കഴിയുന്ന പ്രവാസികളെ തിരികെയെത്തിക്കുന്നതിനുള്ള ചെലവുകൾ സ്വയം വഹിക്കണമെന്ന കേന്ദ്രസർക്കാർ തീരുമാനം പ്രവാസി വിരുദ്ധവും യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും ബഹ്റൈൻ കെ.എം.സി.സി അഭിപ്രായപ്പെട്ടു.
തൊഴിലും വരുമാനവും നഷ്ടപ്പെട്ട് ഗൾഫ് നാടുകളിൽ കഴിയുന്ന പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാതെ നാട്ടിലെത്തിയാൽ ക്വാറന്റൈൻ ചെലവും സ്വയം വഹിക്കണമെന്ന് പറയുന്നത് തികച്ചും പ്രതിഷേധാർഹമാണ്. നിലവിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ജോലിയും വരുമാനവും നഷ്ടപ്പെട്ട വലിയൊരു വിഭാഗം പ്രവാസികളും കാരുണ്യസംഘടനകളുടെ സഹായം കൊണ്ടാണ് ഗൾഫ് നാടുകളിൽ കഴിഞ്ഞു പോകുന്നത്. യാതൊരുവിധ സന്പാദ്യമോ നിക്ഷേപങ്ങളോ ഇല്ലാത്തവരാണ് ഭൂരിഭാഗം പ്രവാസികളും. അതിനാൽ തന്നെ ഭീമമായ തുകയ്ക്ക് ടിക്കറ്റുകളെടുക്കുക എന്നത് അവരെ സംബന്ധിച്ച് അസാധ്യമാണ്. മറ്റ് രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ സൗജന്യമായി തിരികെയെത്തിക്കാൻ ചാർട്ടേഡ് വിമാനങ്ങളും കപ്പലുകളും ആദ്യഘട്ടത്തിൽ തന്നെ അയച്ചപ്പോൾ, അവസാനഘട്ടത്തിലാണ് ഇന്ത്യ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് പ്രതീക്ഷിച്ച പ്രവാസികൾക്ക് ഈ നടപടി കടുത്ത പ്രഹരവും സൃഷ്ടിച്ചു. നാടിന്റെയും വീടിന്റെയും ഉന്നമനത്തിന് വേണ്ടിയാണ് പ്രവാസികൾ സ്വയം ജീവിതം പോലും സമർപ്പിച്ച് പ്രവാസജീവിതം തിരഞ്ഞെടുക്കുന്നത്. എന്നിട്ടും ഭരണകൂടം പ്രവാസികളെ അവഗണിക്കുകയാണ്.
ജോലി നഷ്ടപ്പെട്ടവർ, അവശതയുള്ളവർ, ഗർഭിണികൾ, വിസാ കാലാവധി കഴിഞ്ഞവർ, വിസിറ്റിങ് വിസയിൽ വന്നവർ തുടങ്ങിയവരെ നാട്ടിലെത്തിക്കുമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ ടിക്കറ്റ് വില, ക്വാറന്റൈൻ ചിലവ് എന്നിവ ഇക്കൂട്ടർ എങ്ങനെ കണ്ടെത്തുമെന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നില്ല. അതിനാൽ വിമാന യാത്ര ആരംഭിച്ചാലും വലിയൊരു വിഭാഗത്തിന് നാട്ടിലെത്താൻ സാധിക്കാതെ വരും. ഇക്കാര്യങ്ങൾ തിരിച്ചറിഞ്ഞ് കേന്ദ്ര− സംസ്ഥാന സർക്കാരുകൾ കൂടിയാലോചിച്ച് പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള സംവിധാനമൊരുക്കണമെന്നും പ്രസിഡന്റ് ഹബീബ് റഹ്മാൻ ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ ആവശ്യപ്പെട്ടു.
കൂടാതെ യാത്രക്കാരെ തിരഞ്ഞെടുക്കുന്നതിലും പട്ടിക തയ്യാറാക്കുന്നതിലും ഇന്ത്യൻ എംബസി സത്യസന്ധതയും നീതിയും ഉറപ്പുവരുത്തണമെന്നും ബാഹ്യസമ്മർദ്ദങ്ങൾ വകവയ്ക്കാതെ അർഹതപ്പെട്ടവരെ നാട്ടിലെത്തിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

