പ്രവാസി നിയമ സഹായ സേവനം :ബഹ്‌റൈനിൽ അഡ്വ; ശ്രീജിത്ത് കൃഷ്ണനെ  നിയമിച്ചു


മനാമ:പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങളില്‍ ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കുകഎന്ന ലക്ഷ്യത്തോടെ നോർക്ക റൂട്ട് ആവിഷ്കരിച്ച നിയമ സഹായ സെല്ലിൽ ബഹ്‌റൈൻ മലയാളികൾക്ക് വേണ്ടി ബഹ്‌റൈൻ പ്രവാസി അഡ്വ. ശ്രീജിത്ത് കൃഷ്ണനെ  നോർക്കറൂട്ട്സ്  നിയമിച്ചു. . ജോലി സംബന്ധമായവ, പാസ്പോര്‍ട്ട്, വിസ, മറ്റ് സാമൂഹ്യപ്രശ്നങ്ങള്‍ ഇവയെല്ലാം ഈ സഹായ പദ്ധതിയുടെ പരിധിയില്‍ വരും. ശിക്ഷ, ജയില്‍വാസം എന്നിവയുമായി ബന്ധപ്പെട്ട ആശുപത്രി ചികിത്സയും പദ്ധതിയിലുള്‍പ്പെട്ടിട്ടുണ്ട്. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികള്‍ക്ക് നിയമ സഹായം നല്‍കുന്നതിനുള്ള പദ്ധതിയാണിത്. കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളിലാണ് തുടക്കത്തിൽ പദ്ധതി നിലവില്‍ വന്നത്. ജോലി സംബന്ധമായി വിദേശ മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇതുവഴി നിയമ സഹായം ലഭിക്കും. കേസുകള്‍ ഫയല്‍ ചെയ്യാനുള്ള നിയമ സഹായം ലഭ്യമാക്കുക, നഷ്ടപരിഹാര,ദയാഹര്‍ജികള്‍ എന്നിവയില്‍ സഹായിക്കുക, നിയമ ബോധവത്ക്കരണ പരിപാടികള്‍ മലയാളി സാംസ്‌കാരിക സംഘടനകളുമായി ചേര്‍ന്ന് സംഘടിപ്പിക്കുക, വിവിധ ഭാഷകളില്‍ തര്‍ജ്ജമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക, ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികള്‍ക്ക് നിയമവ്യവഹാരത്തിനുള്ള സഹായം നല്‍കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.

കേരളത്തില്‍ നിന്നും മധ്യകിഴക്കന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്ന തൊഴിലാളികള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് അന്യനാട്ടിലുണ്ടാകുന്ന കോടതി വ്യവഹാരങ്ങളും മറ്റ് നിയമ കുരുക്കുകളും. ഒരുവിധ നിയമസഹായവും ലഭിക്കാതെ നിസ്സഹായരായ തൊഴിലാളികള്‍ ജയിലുകളിലാവുകയും കടുത്ത ശിക്ഷകള്‍ അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടും സാധുവായ തൊഴില്‍ വിസയോ സന്ദര്‍ശക വിസയോ ഉള്ള മലയാളികള്‍ക്കോ അല്ലെങ്കില്‍ തടവിലാക്കപ്പെടുകയോ ബുദ്ധിമുട്ടനുഭവിക്കുകയോ ചെയ്യുന്ന ആളിന്റെ ബന്ധുക്കള്‍/സുഹൃത്തുക്കള്‍ എന്നിവര്‍ക്കോ സഹായം തേടാന്‍ കഴിയും.

പ്രവാസി നിയമ സഹായത്തിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്‌സ്, മൂന്നാം നില, നോര്‍ക്ക സെന്റര്‍, തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലോ, ceo@norkaroots.net, ceonorkaroots@gmail.com എന്ന ഇ-മെയിലിലോ സമര്‍പ്പിക്കണം. അപേക്ഷാഫോറം നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org യില്‍ ലഭിക്കും. വിശദവിവരങ്ങള്‍ ടോള്‍ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍നിന്നും), 00918802012345 (വിദേശത്തുനിന്നും മിസ്ഡ് കോള്‍ സേവനം)

ബഹ്‌റൈൻ പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇതിനകം ഇടപെട്ടിട്ടുള്ള അഡ്വ; ശ്രീജിത്ത് 2008 മുതൽ ബഹ്‌റൈൻ ഹസനലി അഹമ്മദ് അൽ മുഹറഖി ആൻഡ് മഹമൂദ് യാക്കൂബ് ലോ ഫോമിൽ ലീഗൽ കൺസൽട്ടൻറ് ആയി പ്രവർത്തിച്ചുവരികയാണ്. കോഴിക്കോട് വടകര സ്വദേശിയായ ശ്രീജിത്തിന്റെ ഭാര്യ  പ്രസീന മാഹിയിലും പിതാവ് എം കുഞ്ഞികൃഷ്ണൻ  വടകരയിലും അഭിഭാഷകരാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed