തൊഴിലാളികള്‍ക്ക് സഹായഹസ്തവുമായി ബഹ്റൈൻ മലയാളി ബിസിനസ് ഫോറം
മനാമ: കടുത്ത ചൂടിൽ തൊഴിലാളികൾക്ക് സഹായ ഹസ്തവുമായി ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ പ്രവര്‍ത്തകര്‍. ബി.എം.ബി.എഫ് ഹെല്‍പ്പ് ആന്റ് ഡ്രിങ്ക് 2019 കര്‍മ്മപദ്ധതിയുടെ ഭാഗമായി തൊഴിലാളികള്‍ക്ക് കുടിവെള്ളവും പഴവര്‍ഗങ്ങളും വിതരണം ചെയ്തു . പ്രവാസി കമ്മീഷൻ അംഗവും മലയാളി ബിസിനസ് ഫോറം ചാരിറ്റി കൺവീനറുമായ സുബൈർ കണ്ണൂരിന്റ അദ്ധ്യക്ഷതയിൽ മനാമ ഫിനാൻഷ്യൽ ഹാർബർ സൈറ്റിൽ വിപുലമായി നടന്ന ചടങ്ങിൽ ഹെൽപ്പ് & ഡ്രിങ്ക് 2019 കൺവീനർ അജീഷ്, മലയാളി ബിസിനസ് ഫോറം ഭാരവാഹികളായ മൂസ്സ ഹാജി, കാസിം പാടത്തകായിൽ, സഹൽ, മൺസൂർ,റാഷി , സാദത്ത് ,സെലീം,നൗഷാദ്. അനസ്., ഷാജി.ബാലൻ എന്നിവരുടെ നേതൃത്വത്തിലാണ് കുടിവെള്ള വിതരണം നടത്തിയത്.
കർമ്മപദ്ധതിയുടെ 2019ലെ തുടക്കം ഇന്ത്യൻ എംബസിയുടെ കീഴിലുള്ള സംഘടനയായ ഐ.സി.ആര്‍.എഫിന്റെ ചെയർമാൻ അരുൾദാസ് ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ബഷീർ അമ്പലായി സഹകരിച്ച വ്യക്തികളോടും സ്ഥാപനങ്ങളോടും സംഘടനകളോടും ഫോറത്തിന്റെ നന്ദി അറിയിച്ചു. രണ്ട് മാസം നീണ്ടുനിൽക്കുന്ന കർമ്മപദ്ധതി ദിനംപ്രതി മറ്റു വിവിധ തൊഴിലിടങ്ങളില്‍ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

