രാജ്യത്തെ ഭക്ഷണശാലകളിൽ നടക്കുന്ന പരിശോധനകൾ തുടരും
മനാമ: ഭക്ഷണശാലകളിലെ നിയമലംഘനം തടയുന്നതിനായി ഭക്ഷണത്തിലും സുരക്ഷാ ക്രമീകരണങ്ങളിലുമുള്ള മാനദണ്ധങ്ങൾ കർശ്ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ക്യാപിറ്റൽ ഗവർണറേറ്റ് ഇന്നലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
സുരക്ഷാ ആവശ്യകതകൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നതായി ക്യാപിറ്റൽ ഗവർണറേറ്റ് ഗവർണർ ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖലീഫ ഭക്ഷണശാലകൾ സന്ദർശിക്കവെ പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ ഗവർണറേറ്റ് പുറത്തിറക്കിയ ക്യാന്പയിനിന്റെ ഭാഗമായി 160 ഭക്ഷണശാലകളുടെ സുരക്ഷയും സുരക്ഷാ ആവശ്യങ്ങളും ഉറപ്പുവരുത്തുന്നതിനായി പഴയ മനാമ മാർക്കറ്റിലെ ഭക്ഷണശാലകളുടെ പരിശോധന കമ്മിറ്റി നടത്തിയ സന്ദർശനത്തിന്റെ ഭാഗമായായിരുന്നു ഈ നടപടി. കഴിഞ്ഞ വർഷം ഗവർണറേറ്റിലെ 96 ഭക്ഷണശാലകളുടെ അവസ്ഥ പരിഹരിക്കപ്പെട്ടു. ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ 64 ഭക്ഷണശാലകളിൽ പരിശോധന നടത്തിയതായും കമ്മിറ്റി നിശ്ചയിച്ച ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞതായും ഗവർണർ പറഞ്ഞു.
നിയമ ലംഘനങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താൻ, രാജ്യത്തെ ഭക്ഷണശാലകൾ കമ്മിറ്റിയുടെ നിരീക്ഷണത്തിലായിരിക്കുമെന്നും ഗവർണർ വ്യക്തമാക്കി.

