ഫാ. ടോം ഉഴുന്നാലിന്റെ ബഹ്‌റൈൻ സന്ദർശനം ജനുവരി 23 മുതൽ
മനാമ: സീറോ മലബാർ സൊസൈറ്റിയുടെയും, കേരള കാത്തോലിക് അസോസിയേഷന്റെയും സഹകരണത്തോടെ നടത്തുന്ന പരിപാടികളിൽ പങ്കെടുക്കാൻ ഈ മാസം 23ന് ഫാ. ടോം ഉഴുന്നാൽ ബഹ്‌റൈനിൽ എത്തുമെന്ന് കേരള കാത്തോലിക് അസോസിയേഷന്റെ ഭാരവാഹികൾ അറിയിച്ചു. സീറോ മലബാർ സൊസൈറ്റിയുടെയും, കേരള കാത്തോലിക് അസോസിയേഷന്റെയും പ്രവർത്തങ്ങൾ വിലയിരുത്താനും, ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനുമാണ് അദ്ദേഹം ബഹ്റൈനിൽ എത്തുന്നത്. തുടർന്ന് 25, 26 തീയതികളിൽ നടക്കുന്ന പൊതു യോഗത്തിൽ അദ്ദേഹവുമായി നേരിട്ട് സംസാരിക്കാനുള്ള അവസരം ഒരുക്കുമെന്നും, ശേഷം 28ന് അദ്ദേഹം തിരിച്ചു പോകുമെന്നും ഭാരവാഹികൾ പറഞ്ഞു.
യെമനിലെ ഏദനിൽ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ച് 2016 മാർച്ച് നാലിന് ഭീകരർ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയിരുന്നു. തെക്കൻ ഏദനിൽ അഗതിമന്ദിരത്തിന്റെ ചുമതലയായിരുന്നു ഫാ. ടോമിന്. എൺപത് പേർ താമസിക്കുന്ന സദനത്തിൽ 2016 മാർച്ച് നാലിന് രാവിലെ എട്ടരയോടെയാണ് നാല് തോക്കുധാരികൾ ആക്രമണം നടത്തിയത്. നാല് കന്യാസ്ത്രീകൾ, ആറ് ഇത്യോപ്യക്കാർ, ആറ് യെമൻകാർ എന്നിവരെ വധിച്ച ശേഷമായിരുന്നു ഇത്. തുടർന്ന് ഒമാൻ ഭരണാധികാരിയുടെ ശക്തമായ ഇടപെടലിന്റെ ഫലമായാണ് 2017 സപ്തംബർ 12ന് ഫാ. ടോം ഉഴുന്നാൽ മോചിതനായത്. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ 26ന് നടക്കുന്ന കെ.സി.എയുടെ പൊതുയോഗത്തിൽ വെച്ച് ബഹ്‌റൈനിലെ എല്ലാ മേഖലയിലുള്ള ആളുകളുമായി നേരിട്ട് പങ്കുവെയ്ക്കാനും, ആശയവിനിമയം നടത്താനുമാണ് അദ്ദേഹം ഇവിടെ എത്തുന്നതെന്നും കെ.സി.എയുടെ ജനറൽ സെക്രട്ടറി വിജു കല്ലറ ജോസ് പറഞ്ഞു.

