ഡെലിവറി ഡ്രൈവർമാർക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ക്യാന്പയിൻ നടത്തണമെന്ന് ആവശ്യം
മനാമ : ബൈക്ക് യാത്രക്കാർക്കിടയിൽ അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഡെലിവറി ഡ്രൈവർമാർക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ക്യാന്പയിൻ നടത്തണമെന്ന് മുനിസിപ്പൽ കൗൺസിലർ ആവശ്യപ്പെട്ടു. െറസ്റ്റോറന്റുകളിലെ ഡെലിവറി ബൈക്കുകൾ ട്രാഫിക്കുകളിൽ കാറുകൾക്ക് പോറലുകളും കേടുപാടുകളും വരുത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും സതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അഹമ്മദ് അൽ അൻസാരി പറഞ്ഞു. ഇത്തരത്തിൽ കാറിൽ പോറലുണ്ടായതിനെത്തുടർന്ന് ഡ്രൈവർമാർ തമ്മിൽ വലിയ വാഗ−്വാദമുണ്ടായതിനെത്തുടർന്ന് കേസ് തങ്ങളുടെ മുന്പിൽ എത്തിയതായും അദ്ദേഹം പറഞ്ഞു.
ഡെലിവറി ബൈക്കുകൾ മറ്റ് ബൈക്ക് യാത്രക്കാർക്കും ഭീഷണിയാണെന്ന് പറഞ്ഞ അൽ അൻസാരി, സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണി ഉയർത്തിയാണ് ഇവരുടെ യാത്രയെന്നും ആരോപിച്ചു. വളവുകളിൽ പോലും അമിത വേഗതയിലാണ് ചിലർ സഞ്ചരിക്കുന്നതെന്ന് പരാതി ഉയരുന്നതായും അദ്ദേഹം പറഞ്ഞു. തിരക്കിനിടയിൽ ബൈക്കുകൾ പലപ്പോഴും ശ്രദ്ധിക്കപ്പെടില്ലെന്നും തിരിവുകളിൽ ഇത് അപകടങ്ങൾ വരുത്തിവെയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. ഡെലിവറി ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ട്രാഫിക് പോലീസ് ഉറപ്പുവരുത്തണമെന്നും അഹമ്മദ് അൽ അൻസാരി ആവശ്യപ്പെട്ടു. സിഗ്നലുകളിൽ നിർത്തേണ്ടിവന്നാൽ മറ്റ് ഡ്രൈവർമാരെപ്പോലെ ഇവരും ക്ഷമയോടെ കാത്തുനിൽക്കണം. മറ്റ് ഡ്രൈവർമാരെപ്പോലെതന്നെ ഗതാഗത നിയമങ്ങൾ പാലിക്കാൻ ഡെലിവറി ഡ്രൈവർമാരും ബാധ്യസ്ഥരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
‘ഈറ്റ് അറ്റ് ഹോം’ന് പലരും താല്പര്യപ്പെടുന്നതിനാൽ, റെസ്റ്റോറന്റുകളുടെ സുഗമമായ പ്രവർത്തനത്തിന് ഡെലിവറി ഡ്രൈവർമാർ വഹിക്കുന്ന പങ്ക് വലുതാണ്. രാജ്യത്ത് 17,000 ബൈക്കുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 33,000 പേർക്ക് ബൈക്ക് ഡ്രൈവിങ് ലൈസൻസ് ഉണ്ടെന്നും മന്ത്രാലയം അടുത്തിടെ വിവരം നൽകിയിരുന്നു. ബൈക്കപകടങ്ങളിൽ 2016ൽ മാത്രം ഏഴ് പേർ മരിക്കുകയും 150ൽപരം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2015ൽ ബൈക്കപകടങ്ങളിൽ ഒന്പത് പേർ മരിക്കുകയും 170ൽപരം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

