വോക്സ് സിനികോയിൽ സിനിമാ ടിക്കറ്റ് നിരക്കിൽ വർദ്ധനവ്
മനാമ : വോക്സ് സിനികോയിൽ സിനിമാ ടിക്കറ്റിന്റെ വില വർദ്ധിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. സിനിമാ പ്രേമികൾക്ക് ‘വോക്സ് സിനികോ’യിൽ ചലചിത്രങ്ങൾ കാണാൻ കൂടുതൽ പണം ചിലവാക്കേണ്ടി വരും. മൂന്ന് ബഹ്‌റൈൻ ദിനാർ ആയിരുന്ന ടിക്കറ്റിന് ഇനി 3.5 ബഹ്‌റൈൻ ദിനാർ നൽകേണ്ടിവരും. എന്നാൽ, മറ്റ് തീയേറ്ററുകളിലും ഈ മാറ്റം ബാധകമാണോയെന്ന ചോദ്യത്തിന് സിനികോ ബഹ്‌റൈനിൽ ടിക്കറ്റ് നിരക്ക് മാറ്റമില്ലെന്നും നിരക്ക് വർദ്ധനയെക്കുറിച്ച് ഞങ്ങൾ ഒന്നും കേട്ടിട്ടില്ലെന്നുമാണ് അധികൃതരുടെ പ്രതികരണം.
ഇത്തരത്തിൽ നിരക്ക് വർദ്ധിപ്പിക്കുന്നതിന് പദ്ധതിയില്ലെന്ന് മുക്താ സിനിമാ പറയുന്നു. സ്റ്റാൻഡേർഡ് ടിക്കറ്റ് നിരക്ക് മൂന്ന് ബഹ്‌റൈൻ ദിനാർ ആണെന്നും മുക്താ സിനിമയുടെ മാർക്കറ്റിംഗ് മാനേജർ സ്വപ്നിൽ ശഖ്യ പറഞ്ഞു.
വോക്സ് സിനിമാസിന്റെ തീരുമാനം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്. അടിസ്ഥാന ഉൽപ്പന്നങ്ങളുടെ വില വർദ്ധിക്കുന്പോൾ, അത് ശന്പളത്തിലും പ്രതിഫലിക്കേണ്ടതാണ്. എന്നാൽ അത് സംഭവിക്കുന്നില്ല. കഴിഞ്ഞ ദിവസം ഇന്ധന വില വർദ്ധിപ്പിച്ചു. വാറ്റ് നടപ്പാക്കാനുള്ള ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമാ ടിക്കറ്റ് വില വർദ്ധിക്കുന്നു. അടിസ്ഥാനപരമായ വിനോദപരിപാടികൾ എല്ലാം ചിലവേറിയതായി മാറുന്നു. ഇതെല്ലാം സാധാരണക്കാർക്ക് പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഗവൺമെന്റ് ചിന്തിക്കണമെന്നും സമൂഹ മാധ്യമങ്ങളിൽ വ്യക്തികൾ ആവശ്യപ്പെടുന്നു.

