കടകൾക്ക് മുന്നിലെ അനധികൃത പാർക്കിങ്: കടുത്ത നിയന്ത്രണങ്ങൾ വരുന്നു; നിർദ്ദേശവുമായി മുഹറഖ് മുൻസിപ്പൽ കൗൺസിൽ
പ്രദീപ് പുറവങ്കര
മനാമ: തിരക്കേറിയ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലെ അനധികൃത പാർക്കിങ്ങും ‘ഡബിൾ പാർക്കിങ്ങും’ മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കടുത്ത നിയന്ത്രണങ്ങൾ നിർദ്ദേശിച്ച് മുഹറഖ് മുൻസിപ്പൽ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ സ്വാലിഹ് ബുഹസ്സ. വാഹനം നിർത്തിയിട്ട് മറ്റ് യാത്രക്കാരുടെയും സമീപവാസികളുടെയും വഴി തടസ്സപ്പെടുത്തുന്ന പ്രവണത തടയാനാണ് നടപടി.
മുൻസിപ്പാലിറ്റി കാര്യാവശ്യ-കൃഷി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, വ്യവസായ വാണിജ്യ മന്ത്രാലയം തുടങ്ങിയ പ്രസക്തമായ വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെ പദ്ധതി നടപ്പാക്കാനാണ് നിർദ്ദേശം.
വഴിയോര സൗകര്യമുള്ള കടകൾക്ക് മുന്നിൽ ഓർഡറുകൾ വേഗത്തിൽ വാങ്ങാൻ സഹായിക്കുന്ന പ്രത്യേക ‘ക്വിക്ക് ഓർഡർ’ പാർക്കിങ് സ്പെയ്സുകൾ അടയാളപ്പെടുത്തും. കൂടാതെ, ഉപഭോക്താക്കൾ റോഡിൽ വാഹനം നിർത്തി ട്രാഫിക് തടസ്സമുണ്ടാക്കുന്നത് ഒഴിവാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ അതത് സ്ഥാപനങ്ങൾ തന്നെ ഏർപ്പെടുത്തണം.
നിരന്തരം ട്രാഫിക് തടസ്സത്തിന് കാരണമാകുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാനും നിർദ്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്. പൊതു പാർക്കിങ് സ്ഥലങ്ങളിൽ ലൈസൻസില്ലാതെ കോണുകൾ, കസേരകൾ, മറ്റ് വസ്തുക്കൾ എന്നിവ വെച്ച് സ്ഥലം റിസർവ് ചെയ്യുന്നവർക്കെതിരെയും നടപടിയുണ്ടാകും. നിയമവിരുദ്ധമായി വാഹനം പാർക്ക് ചെയ്യുകയോ ഡബിൾ പാർക്കിങ് നടത്തുകയോ ചെയ്യുന്ന ഡ്രൈവർമാർക്കെതിരെ ട്രാഫിക് നിയമപ്രകാരമുള്ള നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
cxzcxcxz

