വ്യാജ രേഖകളുമായി എത്തുന്ന ബംഗ്ലാദേശികളെ കണ്ടെത്താൻ പോലീസ്; സംസ്ഥാനവ്യാപകമായി പ്രത്യേക പരിശോധനയ്ക്ക് ഡി.ജി.പി ഉത്തരവിട്ടു
ഷീബ വിജയൻ
കണ്ണൂർ: സംസ്ഥാനത്ത് അനധികൃതമായി തങ്ങി ജോലി ചെയ്തുവരുന്ന ബംഗ്ലാദേശ് പൗരന്മാരെ കണ്ടെത്തുന്നതിനായി എല്ലാ ജില്ലകളിലും കർശനമായ പ്രത്യേക പരിശോധന നടത്താൻ സംസ്ഥാന പോലീസ് മേധാവി (ഡി.ജി.പി) ഉത്തരവിട്ടു. ഹൈക്കോടതി അഭിഭാഷകനായ കുളത്തൂർ ജയ്സിംഗ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് പോലീസിന്റെ ഈ അടിയന്തര നടപടി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് നിരവധി വിദേശ പൗരന്മാർ താമസിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധനയ്ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. അടുത്തിടെ കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം അഞ്ച് ബംഗ്ലാദേശ് പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഏഴിമല നാവിക അക്കാഡമിയിൽ വെച്ച് അനധികൃതമായി ജോലി ചെയ്യുകയായിരുന്ന ഒരാളെ പയ്യന്നൂർ പോലീസും, കണ്ണൂർ ടൗൺ കേന്ദ്രീകരിച്ച് താമസിച്ചിരുന്ന നാല് ബംഗ്ലാദേശി വനിതകളെ കണ്ണൂർ ടൗൺ പോലീസുമാണ് പിടികൂടിയത്. രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാകുന്ന ഇത്തരം നിയമവിരുദ്ധ താമസക്കാർക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ തിരച്ചിൽ തുടരുമെന്ന് പോലീസ് അറിയിച്ചു.
dfadsds

