ബഹ്റൈൻ ആരോഗ്യ മേഖലയിൽ സ്വദേശിവത്കരണം വർദ്ധിക്കുന്നു ; ദന്തഡോക്ടർമാരിൽ ഭൂരിഭാഗവും സ്വദേശികൾ


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിലെ ആരോഗ്യ മേഖലയിൽ സ്വദേശിവൽക്കരണം (ബഹ്റൈനൈസേഷൻ) കൂടുതൽ ശക്തമാകുന്നു. കഴിഞ്ഞ വർഷം രാജ്യത്തെ ഡോക്ടർമാരുടെയും ദന്തഡോക്ടർമാരുടെയും എണ്ണത്തിലുണ്ടായ വർദ്ധനവിൽ 91.8 ശതമാനവും ബഹ്റൈനി പൗരന്മാരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 303 പേരുടെ വർദ്ധനവോടെ രാജ്യത്തെ ബഹ്റൈനി ഡോക്ടർമാരുടെയും ദന്തഡോക്ടർമാരുടെയും ആകെ എണ്ണം 3,477 ആയി ഉയർന്നു.

നിലവിൽ രാജ്യത്തെ ആകെ ഡോക്ടർമാരിൽ 62.1 ശതമാനവും സ്വദേശികളാണ്. തൊട്ടുമുൻപത്തെ വർഷമിത് 60.2 ശതമാനമായിരുന്നു. പുതിയതായി സേവനരംഗത്തെത്തിയ സ്വദേശികളിൽ 241 പേർ ജനറൽ ഡോക്ടർമാരും 62 പേർ ദന്തഡോക്ടർമാരുമാണ്. അതേസമയം പ്രവാസി ഡോക്ടർമാരുടെ എണ്ണത്തിൽ 27 പേരുടെ മാത്രം വർദ്ധനവാണുണ്ടായത്. പ്രവാസി ദന്തഡോക്ടർമാരുടെ എണ്ണത്തിൽ മാറ്റമൊന്നുമില്ലാതെ 493 ആയി തുടരുന്നു.

സർക്കാർ, സ്വകാര്യ മേഖലകളിലായി ആകെ 5,601 ഡോക്ടർമാരും ദന്തഡോക്ടർമാരുമാണ് ബഹ്റൈനിൽ സേവനം അനുഷ്ഠിക്കുന്നത്. ഇതിൽ 4,466 പേർ ജനറൽ ഡോക്ടർമാരും 1,135 പേർ ദന്തഡോക്ടർമാരുമാണ്. വനിതാ പ്രാതിനിധ്യത്തിലും വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയതായി എത്തിയ ബഹ്റൈനി ഡോക്ടർമാരിൽ മൂന്നിൽ രണ്ട് പങ്കും (201 പേർ) വനിതകളാണ്. ആകെ സ്വദേശി ഡോക്ടർമാരിൽ 62.2 ശതമാനവും സ്ത്രീകളാണ്.

സർക്കാർ മേഖലയിലെ ആകെ ഡോക്ടർമാരിൽ 77.4 ശതമാനവും (1,833 പേർ) സ്വദേശികളാണ്. സ്വകാര്യ മേഖലയിൽ ബഹ്റൈനി ഡോക്ടർമാരുടെ എണ്ണം 1,002 ആയി ഉയർന്നു (47.8%). ദന്തചികിത്സാ രംഗത്ത് സർക്കാർ മേഖലയിൽ 92 ശതമാനവും സ്വദേശികളാണ്. സ്വകാര്യ മേഖലയിലും ബഹ്റൈനി ദന്തഡോക്ടർമാരുടെ എണ്ണം 470 ആയി ഉയർന്ന് 49.6 ശതമാനത്തിലെത്തി. രാജ്യത്തെ ആകെ ഡോക്ടർമാരിൽ 53.3 ശതമാനവും സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്.

#BahrainHealth #Bahrainisation #BahrainNews #4PMNews

article-image

ccxcxcxz

You might also like

  • Lulu Exchange
  • Straight Forward

Most Viewed