തിരിച്ചടികൾക്ക് പിന്നാലെ സി.പി.എമ്മിൽ വൻ അഴിച്ചുപണി; ആറ് ജില്ലകളിൽ സെക്രട്ടറിമാർ മാറിയേക്കും
ഷീബ വിജയൻ
തിരുവനന്തപുരം: കനത്ത തിരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് പിന്നാലെ പാർട്ടി ജില്ലാ ഘടകങ്ങളിൽ സമഗ്രമായ അഴിച്ചുപണിക്ക് കളമൊരുക്കി സി.പി.എം. കണ്ണൂർ, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ഉൾപ്പെടെ ചുരുങ്ങിയത് ആറ് ജില്ലകളിലെങ്കിലും സംഘടനാ തലത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. വിപുലീകരിച്ച ജില്ലാ കമ്മിറ്റി യോഗങ്ങൾ ഉടൻ ചേരാനിരിക്കെ, പ്രമുഖ ജില്ലാ സെക്രട്ടറിമാർ സ്ഥാനമൊഴിഞ്ഞേക്കും.
കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്, കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവൻ എന്നിവരുടെ സ്ഥാനചലനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. പാർട്ടി കോട്ടകളായ തളിപ്പറമ്പും പയ്യന്നൂരും കൈവിട്ട കണ്ണൂരിലെ പരാജയം സംസ്ഥാന നേതൃത്വത്തെപ്പോലും ഞെട്ടിച്ചിട്ടുണ്ട്. പയ്യന്നൂരിലെ ഫണ്ട് വിവാദം കൈകാര്യം ചെയ്തതിലെ വീഴ്ചയും ന്യൂനപക്ഷ പ്രാതിനിധ്യക്കുറവും കെ.കെ. രാഗേഷിനെതിരെ പാർട്ടിക്കുള്ളിൽ അമർഷത്തിന് വഴിവെച്ചിട്ടുണ്ട്. പി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തിയതോടെ കണ്ണൂരിലെ സംഘടനാ സമവാക്യങ്ങളിലും മാറ്റങ്ങൾ പ്രകടമാണ്.
തലസ്ഥാനത്ത് കഴിഞ്ഞ തവണത്തെ 13 സീറ്റിൽ നിന്ന് എൽ.ഡി.എഫ് 5 ലേക്ക് കൂപ്പുകുത്തുകയും ബി.ജെ.പി 2 സീറ്റുകൾ പിടിച്ചെടുക്കുകയും ചെയ്തതിൽ വി. ജോയിക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. കൊല്ലത്ത് 11-ൽ നിന്ന് 2 ലേക്കും, കോഴിക്കോട്ട് 11-ൽ നിന്ന് കേവലം ഒരു സീറ്റിലേക്കും എൽ.ഡി.എഫ് ഒതുങ്ങിയത് പാരമ്പര്യ വോട്ട് ബാങ്കുകളിൽ വിള്ളലുണ്ടാക്കിയതായി വിലയിരുത്തപ്പെടുന്നു.
സെപ്റ്റംബർ 30 മുതൽ ആരംഭിക്കുന്ന രണ്ടുദിവസത്തെ ജില്ലാ യോഗങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയൻ, എ. വിജയരാഘവൻ എന്നിവർ നാല് ജില്ലകളിൽ വീതം നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തും. യുവാക്കൾക്ക് മുൻനിരയിലേക്ക് കൂടുതൽ പ്രാതിനിധ്യം നൽകി സംഘടനയെ താഴെത്തട്ടിൽ ശക്തിപ്പെടുത്താനാണ് പാർട്ടി നീക്കം.
dfsdfsedf

