വിവാഹാഭ്യർത്ഥന നിരസിച്ചു; കാറിന് തീയിട്ടയാളുടെ 3 വർഷത്തെ തടവുശിക്ഷ ബഹ്റൈൻ കോടതി ശരിവെച്ചു
പ്രദീപ് പുറവങ്കര
മനാമ: തന്നോടുള്ള വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയുടെ കാറിന് തീയിട്ട കേസിൽ പ്രതിയായാളെ മൂന്ന് വർഷത്തെ തടവുശിക്ഷ ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി ശരിവെച്ചു. 31-കാരനായ ബഹ്‌റൈനി പൗരനാണ് വിചാരണക്കോടതി വിധിച്ച ശിക്ഷയ്‌ക്കെതിരെ നൽകിയ എതിർപ്പ് തള്ളി ക്രിമിനൽ കോടതി അതേ ശിക്ഷ നിലനിർത്തിയത്.
തടവുശിക്ഷയ്ക്ക് പുറമേ ഇരയായ യുവതിക്ക് കാറിന്റെ നഷ്ടപരിഹാരമായി 4,600 ബഹ്‌റൈനി ദീനാറും, വീടിന്റെ ചുവരിനുണ്ടായ കേടുപാടുകൾക്ക് യുവതിയുടെ പിതാവിന് 499 ദീനാറും, തകർന്ന ഷെയ്ഡിങ്ങ് പന്തലിന് 720 ദീനാറും ഉൾപ്പെടെ ആകെ 5,819 ദീനാർ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
2024 മാർച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗലാലിയിലുള്ള വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ടൊയോട്ട കാമ്രി കാറാണ് പ്രതി തീയിട്ട് നശിപ്പിച്ചത്. പ്രതിയുടെ വിവാഹാഭ്യർത്ഥന നിരസിക്കുകയും യുവതിയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തതോടെ പ്രതി ഭീഷണിപ്പെടുത്താൻ തുടങ്ങിയിരുന്നതായി യുവതി മൊഴി നൽകി. സംഭവദിവസം പുലർച്ചെ കാറിന് തീപിടിച്ച വിവരം അറിഞ്ഞ യുവതി, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു.
പ്രതി വീടിനടുത്ത് സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കുന്നത് കണ്ടതായും, സംഭവം നടന്നയുടൻ വസ്ത്രം മാറി കുളിക്കാൻ സുഹൃത്തിന്റെ വീട്ടിലെത്തിയതായും ദൃക്‌സാക്ഷികളും മൊഴി നൽകി. എന്നാൽ താൻ ആ സമയത്ത് ബൈക്ക് നന്നാക്കുകയായിരുന്നെന്നും സുഹൃത്തുക്കളോടൊപ്പം മറ്റ് സ്ഥലങ്ങളിലായിരുന്നുവെന്നും വാദിച്ച് പ്രതി കുറ്റം നിഷേധിച്ചെങ്കിലും കോടതി ഇത് തള്ളി. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ ഉറപ്പിച്ചത്.
aasssa

