ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ 70ലേറെ കെട്ടിടങ്ങൾ;നോട്ടീസ് നൽകി മുഹറഖ് മുനിസിപ്പാലിറ്റി
പ്രദീപ് പുറവങ്കര
മനാമ: മുഹറഖിൽ ആവശ്യമായ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചിരുന്ന എഴുപതിലധികം താമസസ്ഥലങ്ങൾക്ക് മുഹറഖ് മുൻസിപ്പാലിറ്റി അധികൃതർ നോട്ടീസ് നൽകി. പ്രദേശത്തു നടത്തിയ വ്യാപക പരിശോധനകളെ തുടർന്നാണ് ഈ കർശന നടപടി.
തൊഴിലാളികളും മറ്റും കൂട്ടമായി താമസിക്കുന്ന കെട്ടിടങ്ങളിൽ ആരോഗ്യ, സുരക്ഷാ, സാങ്കേതിക മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് കെട്ടിട ഉടമകൾ ഉറപ്പുവരുത്തണമെന്ന് മുഹറഖ് മുൻസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഖാലിദ് അൽ ഖല്ലാഫ് വ്യക്തമാക്കി. താമസക്കാരെ പാർപ്പിക്കുന്നതിന് മുൻപ് തന്നെ കെട്ടിട ഉടമകൾ മുൻസിപ്പാലിറ്റിയുമായി ബന്ധപ്പെടുകയും അനുമതി നേടുകയും ചെയ്യേണ്ടതുണ്ട്.
ഇത്തരം കൂട്ടായ്മ താമസസ്ഥലങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് കെട്ടിട ഉടമകളുടെയും വാടകക്കാരുടെയും രേഖകൾക്കൊപ്പം ആരോഗ്യ മന്ത്രാലയം, സിവിൽ ഡിഫൻസ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (EWA) തുടങ്ങിയ പ്രസക്തമായ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ അംഗീകാര പത്രങ്ങളും സമർപ്പിക്കേണ്ടതുണ്ട്.
മാനദണ്ഡങ്ങൾ ലംഘിക്കുന്ന കെട്ടിട ഉടമകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും. നിയമലംഘനം തുടരുന്ന പക്ഷം അത്തരം കെട്ടിടങ്ങളിലേക്കുള്ള കുടിവെള്ള, വൈദ്യുതി ബന്ധങ്ങൾ വിച്ഛേദിക്കാൻ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയോട് ആവശ്യപ്പെടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ബന്ധപ്പെട്ട ഇതര വകുപ്പുകളുമായി സഹകരിച്ച് റസിഡൻഷ്യൽ മേഖലകളിൽ ഇത്തരം പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.
adssas

