ജയിൽ തടവുകാർക്ക് മയക്കുമരുന്ന് എത്തിക്കാൻ ശ്രമിച്ച ബഹ്‌റൈനി പൗരനെ ശിക്ഷിച്ച് ഹൈ ക്രിമിനൽ കോടതി


പ്രദീപ് പുറവങ്കര

മനാമ: ജൗ ജയിലിലെ തടവുകാർക്ക് മയക്കുമരുന്ന് എത്തിച്ചുനൽകാൻ ആശുപത്രി ടോയ്‌ലറ്റുകളിൽ മയക്കുമരുന്ന് ഒളിപ്പിച്ച കേസിലെ പ്രതിക്ക് 10 വർഷം തടവും 5,000 ബഹ്‌റൈനി ദീനാർ പിഴയും വിധിച്ച് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി. കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ 36-കാരനായ ബഹ്‌റൈനി പൗരനാണ് കടുത്ത ശിക്ഷ ലഭിച്ചത്. കൊക്കെയ്ൻ, ഐസ് (മെത്ത്), സിന്തറ്റിക് കന്നാബിനോയിഡുകൾ തുടങ്ങിയ ലഹരിമരുന്നുകൾ കൈവശം വെച്ചതിനും വിൽപ്പന നടത്തിയതിനുമാണ് ശിക്ഷ.

തടവുകാരെ ലക്ഷ്യമിട്ട് ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്ന പ്രതി, സ്വന്തമായി 'പ്രൊമോഷനൽ വീഡിയോ' ഉണ്ടാക്കി പ്രചരിപ്പിച്ചിരുന്നതായി കേസിന്റെ വിചാരണ വേളയിൽ വ്യക്തമായി. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ടോയ്‌ലറ്റുകൾക്ക് പിന്നിൽ ഒളിപ്പിച്ചു വെക്കുന്ന മയക്കുമരുന്ന് തടവുകാർ വന്ന് കൈപ്പറ്റുന്ന രീതിയിലാണ് ഇയാൾ കരാറുണ്ടാക്കിയിരുന്നത്.

കഴിഞ്ഞ ഒക്ടോബറിൽ ഇത്തരത്തിൽ ലഹരി കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിൽ നിലയുറപ്പിച്ച പൊലീസ് സംഘം, പ്രതി ടോയ്‌ലറ്റിന് സമീപം വന്ന് പോയതിന് പിന്നാലെ പരിശോധന നടത്തുകയും ടോയ്‌ലറ്റുകൾക്ക് അടിയിലും പിന്നിലുമായി ഒളിപ്പിച്ച നിലയിൽ 8 പാക്കറ്റ് മയക്കുമരുന്ന് കണ്ടെത്തുകയുമായിരുന്നു.

തുടർന്ന് നാഷണൽ ആംബുലൻസിൽ ചികിത്സയ്ക്കെന്ന വ്യാജേന ആശുപത്രിയിലെത്തിയ ജൗ ജയിലിലെ രണ്ട് തടവുകാർ ടോയ്‌ലറ്റിൽ കയറി മടങ്ങുകയും, ചികിത്സ വേണ്ടാ എന്ന് പറഞ്ഞ് ഉടൻ തന്നെ മടങ്ങാൻ ശ്രമിക്കുകയും ചെയ്തു. അഞ്ചു ദിവസത്തിന് ശേഷം പബ്ലിക് പ്രോസിക്യൂഷൻ വാറന്റോടെ പ്രതിയെ അറസ്റ്റ് ചെയ്തു. മുൻപും ലഹരിക്കേസുകളിൽ ശിക്ഷ അനുഭവിച്ച കുറ്റവാളിയായതിനാൽ, യാതൊരു ഇളവുകളും നൽകാതെയാണ് കോടതി പരമാവധി ശിക്ഷ പ്രഖ്യാപിച്ചത്.

article-image

adsasssd

You might also like

  • Lulu Exchange
  • Straight Forward

Most Viewed