20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിൽ വർണ്ണാഭമായ തുടക്കം; 20 കായികയിനങ്ങളിലായി 230 അംഗ സംഘവുമായി ബഹ്റൈൻ


പ്രദീപ് പുറവങ്കര

മനാമ: കായിക ഏഷ്യയുടെ മാമാങ്കമായ 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ ഐച്ചി-നഗോയയിൽ തിരിതെളിഞ്ഞു. ഒക്ടോബർ 4 വരെ നീണ്ടുനിൽക്കുന്ന 16 ദിവസത്തെ കായിക പോരാട്ടത്തിൽ ബഹ്റൈൻ കായികസംഘം അഭിമാനപൂർവ്വം അണിനിരന്നു. നഗോയയിലെ പാളോമ മിസുഹോ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ “ഇമാജിൻ വൺ ഏഷ്യ” എന്ന സന്ദേശവുമായാണ് 45 ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ അണിനിരന്നത്.

ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്റും ഡെലിഗേഷൻ തലവനുമായ ഷെയ്ഖ് ഈസ ബിൻ അലി അൽ ഖലീഫയുടെ നേതൃത്വത്തിലാണ് ബഹ്റൈൻ സംഘം ചടങ്ങിൽ പങ്കെടുത്തത്. ബാസ്കറ്റ്ബോൾ താരം മുസ്തഫ ഹുസൈനും കുതിരപ്പന്തയ താരം അനീസ മഹ്മൂദും ചേർന്ന് ബഹ്റൈന്റെ ദേശീയ പതാകയേന്തി സമാധാനത്തിന്റെയും കായിക മികവിന്റെയും മാർച്ച് പാസ്റ്റിന് നേതൃത്വം നൽകി. കായികതാരങ്ങളും പരിശീലകരും മാധ്യമപ്രവർത്തകരും അടക്കം 230 അംഗ സംഘമാണ് രാജ്യത്തെ പ്രതിനിധീകരിച്ച് ജപ്പാനിലെത്തിയിരിക്കുന്നത്.

അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോൾ, ഹാൻഡ്‌ബോൾ, സൈക്ലിംഗ്, ബോക്സിംഗ്, മാർഷൽ ആർട്സ്, നീന്തൽ, ടേബിൾ ടെന്നീസ്, വെയ്റ്റ്‌ലിഫ്റ്റിംഗ്, റെസ്‌ലിംഗ് ഉൾപ്പെടെ 20 കായിക ഇനങ്ങളിലാണ് ബഹ്റൈൻ ഇത്തവണ മത്സരിക്കുന്നത്. ചടങ്ങിൽ ജാപ്പനീസ് ചക്രവർത്തി നറുഹിതോ ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 1974 മുതൽ ഏഷ്യൻ ഗെയിംസിന്റെ ഭാഗമായ ബഹ്റൈൻ ഇതുവരെ 49 സ്വർണ്ണമടക്കം 104 മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ ഹങ്ഷൗവിൽ നേടിയ 12 സ്വർണ്ണമടക്കം 20 മെഡലുകളുടെ തിളക്കം ഇത്തവണ മറികടക്കാമെന്ന പ്രതീക്ഷയിലാണ് രാജ്യം.

article-image

dfddfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed