വിഴിഞ്ഞം റെയിൽ കണക്ടിവിറ്റി: ഭൂമി ഏറ്റെടുക്കലിന് ഭേദഗതി വിജ്ഞാപനമിറക്കി സർക്കാർ; കൂടുതൽ ഭൂമി ഏറ്റെടുക്കും
ഷീബ വിജയൻ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനത്തിന്റെ ഭാഗമായി റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള റെയിൽ കണക്ടിവിറ്റി പദ്ധതിക്കായി കൂടുതൽ ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ ഭേദഗതി വിജ്ഞാപനം പുറപ്പെടുവിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് ബാലരാമപുരം റെയിൽവേ സ്റ്റേഷനിലേക്ക് ചരക്കുകൾ വേഗത്തിലും കുറഞ്ഞ ചെലവിലും എത്തിക്കുന്നതിനാണ് റെയിൽ പാത നിർമ്മിക്കുന്നത്. ഇതിനായി 2.3195 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് പുതിയ വിജ്ഞാപനം.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെടുന്ന പള്ളിച്ചൽ, ബാലരാമപുരം വില്ലേജുകളിലെ ഭൂമിയാണ് പ്രധാനമായും ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരം, സുതാര്യത, പുനരധിവാസം എന്നിവ ഉറപ്പാക്കുന്ന 2013-ലെ കേന്ദ്ര നിയമവ്യവസ്ഥകൾ പ്രകാരമായിരിക്കും നടപടികൾ സ്വീകരിക്കുക.
മുമ്പ് 0.8802 ഹെക്ടർ ഭൂമി ഏറ്റെടുക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും, പുറമ്പോക്ക് ഭൂമി ഒഴിവാക്കി പദ്ധതിയുടെ ആവശ്യകത കൃത്യമായി നിറവേറ്റുന്നതിനായി 104 എൽ.എ സബ് ഡിവിഷനുകൾ കൂടി പുതുതായി ഉൾപ്പെടുത്തി വിജ്ഞാപനം ഭേദഗതി ചെയ്യുകയായിരുന്നു.
വിഴിഞ്ഞത്തുനിന്ന് ട്രെയിൻ മാർഗ്ഗം ചരക്കുനീക്കം ആരംഭിക്കുന്നതോടെ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്ന ഉൽപ്പന്നങ്ങൾ രാജ്യത്തെ ഏത് സംസ്ഥാനത്തേക്കും കുറഞ്ഞ ചെലവിൽ എത്തിക്കാൻ സാധിക്കും. ഇത് ബാലരാമപുരം റെയിൽവേ സ്റ്റേഷനെ പ്രമുഖ വാണിജ്യ ഹബ്ബാക്കി മാറ്റുകയും പ്രദേശത്ത് വൻ തൊഴിൽ, വ്യവസായ സാധ്യതകൾ തുറക്കുകയും ചെയ്യും.
കൂടാതെ കണ്ടെയ്നറുകൾ റോഡ് മാർഗ്ഗം കൊണ്ടുപോകുമ്പോഴുണ്ടാകുന്ന കടുത്ത ഗതാഗതക്കുരുക്കിന് ഇത് വലിയൊരു പരിഹാരമാകും. ഉദാഹരണത്തിന്, ആഫ്രിക്കയിൽ നിന്ന് കൊ കൊല്ലത്തെ കശുവണ്ടി ഫാക്ടറികളിലേക്ക് എത്തിക്കുന്ന തോണ്ടണ്ടികൾ റോഡ് മാർഗ്ഗത്തിന് പകരം വിഴിഞ്ഞത്തുനിന്ന് ട്രെയിൻ മാർഗ്ഗം നേരിട്ട് കൊല്ലത്ത് എത്തിക്കാനാകും. നിർമ്മാണ സാമഗ്രികൾ ഉൾപ്പെടെയുള്ളവ കുറഞ്ഞ ചെലവിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് അയക്കാനും ഇത് സഹായിക്കും. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ ഡി.എം.ആർ.സി ഉൾപ്പെടെയുള്ള പ്രമുഖ ഏജൻസികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചായിരിക്കും റെയിൽ പാതയുടെ നിർമ്മാണ പ്രവൃത്തികളിലേക്ക് കടക്കുക.
dedededswr

