കടുത്ത ഊർജ്ജ പ്രതിസന്ധി; പ്രധാന ഗ്രിഡ് തകർന്ന് ക്യൂബ വീണ്ടും സമ്പൂർണ്ണ ഇരുട്ടിൽ
ശാരിക
ഹവാന: കടുത്ത ഇന്ധനക്ഷാമവും കാലപ്പഴക്കം ചെന്ന വിതരണ ശൃംഖലയും കാരണം ക്യൂബയിൽ വീണ്ടും വൻ വൈദ്യുതി തടസ്സം. വെള്ളിയാഴ്ച ഉച്ചയോടെ രാജ്യത്തെ പ്രധാന വൈദ്യുത ഗ്രിഡിലുണ്ടായ വൻ തകരാറിനെ തുടർന്ന് രാജ്യമൊട്ടാകെ ഇരുട്ടിലായതായി ഊർജ്ജ മന്ത്രാലയം അറിയിച്ചു. ഈ വർഷം ക്യൂബയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആറാമത്തെ വലിയ ദേശീയ വൈദ്യുത തടസ്സമാണിത്.
അമേരിക്ക ഏർപ്പെടുത്തിയ ശക്തമായ ഉപരോധവും എണ്ണക്കപ്പലുകൾക്കുള്ള വിലക്കുമാണ് രാജ്യത്തെ നിലവിലെ പ്രതിസന്ധി രൂക്ഷമാക്കിയത്. ഇന്ധന ഇറക്കുമതിയെ മാത്രം ആശ്രയിക്കുന്ന ക്യൂബയിൽ പെട്രോളിയം ലഭ്യത കുറഞ്ഞതോടെ ഭക്ഷണത്തിനും മരുന്നിനും കടുത്ത ക്ഷാമമാണ് നേരിടുന്നത്. പല പ്രധാന ആശുപത്രികളുടെയും പ്രവർത്തനം താളംതെറ്റുകയും സ്കൂളുകളും സർക്കാർ ഓഫീസുകളും താത്കാലികമായി അടച്ചിടുകയും ചെയ്തു.
ആഴ്ചകളായി തുടരുന്ന കറന്റ് കട്ട് ജനജീവിതത്തെ സാരമായി ബാധിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അപൂർവ്വമായ ജനകീയ പ്രതിഷേധങ്ങളും ഉയർന്നുവരുന്നുണ്ട്. അതേസമയം, രാജ്യത്തെ ഊർജ്ജ പ്രതിസന്ധിക്ക് കാരണം യു.എസ് ഭരണകൂടത്തിന്റെ ഉപരോധങ്ങളാണെന്ന് ക്യൂബൻ സർക്കാർ ആരോപിക്കുമ്പോൾ, ഭരണകൂടത്തിന്റെ മോശം മാനേജ്‌മെന്റാണ് തകർച്ചയ്ക്ക് കാരണമെന്നാണ് അമേരിക്കയുടെ പ്രതികരണം.
dsfdfs

