സേനയുടെ ആത്മവീര്യം കൂട്ടാൻ കേരള പോലീസ്; ഇനി എല്ലാ മാസവും നാലാം ശനിയാഴ്ച 'അഭിനന്ദന ദിനം'
ഷീബ വിജയൻ
തിരുവനന്തപുരം: കേരള പോലീസിന്റെ ആത്മവീര്യവും പ്രവർത്തന മികവും വർദ്ധിപ്പിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ പോലീസ് ജില്ലകളിലും ഇനി മുതൽ എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച 'അഭിനന്ദന ദിനമായി' ആചരിക്കും. ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയനാണ് ഇതുസംബന്ധിച്ച് എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും കർശന നിർദ്ദേശം നൽകിയത്.
ഉദ്യോഗസ്ഥരുടെ കർത്തവ്യനിർവഹണത്തിലെ സമർപ്പണം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പോലീസ് പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുകയാണ് ഈ പുതിയ പദ്ധതിയുടെ ലക്ഷ്യം. ജില്ലാ/യൂണിറ്റ് ആസ്ഥാനങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ മുൻമാസങ്ങളിൽ മികച്ച കേസ് അന്വേഷണം, മാതൃകാപരമായ പെരുമാറ്റം, ധീരത, സമർപ്പിത സേവനം എന്നിവ കാഴ്ചവെച്ച ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവിമാർ നേരിട്ട് ആദരിക്കും.
പോലീസിന് വിലപ്പെട്ട വിവരങ്ങൾ കൈമാറുന്നവരും പൊതുസുരക്ഷയ്ക്കായി മാതൃകാപരമായി പ്രവർത്തിക്കുന്നവരുമായ സാധാരണക്കാരായ പൗരന്മാരെയും ചടങ്ങിൽ ആദരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മെമന്റോയും സർട്ടിഫിക്കറ്റും നൽകും. എല്ലാ ജില്ലാ പോലീസ് മേധാവിമാരും ചടങ്ങിൽ നിർബന്ധമായും പങ്കെടുക്കണമെന്നും, ഏതെങ്കിലും കാരണവശാൽ നാലാം ശനിയാഴ്ച സാധ്യമായില്ലെങ്കിൽ അതേ മാസത്തിലെ മറ്റ് ദിവസങ്ങളിൽ പരിപാടി സംഘടിപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ആദരിക്കപ്പെടുന്നവരുടെ വിവരങ്ങളും റിപ്പോർട്ടും അടുത്ത മാസത്തെ ഒന്നാം തീയതിക്ക് മുൻപായി എഡിജിപിക്ക് സമർപ്പിക്കേണ്ടതുണ്ട്.
#KeralaPolice #AppreciationDay #KeralaNews #4PMNews
zdfdds

