പ്രവാസി ക്ഷേമനിധി പെൻഷൻ കുടിശ്ശിക തീർപ്പാക്കണം: ഡെപ്യൂട്ടി സ്പീക്കർക്ക് നിവേദനം നൽകി കെ.എം.സി.സി ബഹ്‌റൈൻ
പ്രദീപ് പുറവങ്കര
മനാമ: പ്രവാസി ക്ഷേമനിധി പെൻഷനുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കണമെന്നും മറ്റ് ആനുകൂല്യങ്ങൾ കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന് നിവേദനം സമർപ്പിച്ചു. കെ.എം.സി.സി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്‌മാൻ, ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്.
ബഹ്‌റൈൻ കെ.എം.സി.സി ആസ്ഥാനത്ത് നൽകിയ സ്വീകരണ ചടങ്ങിൽ പ്രവാസികളുടെ ആശങ്കകൾ കേട്ട ഡെപ്യൂട്ടി സ്പീക്കർ, വിഷയം മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായും ചർച്ച ചെയ്ത് അടിയന്തര ഇടപെടൽ നടത്തുമെന്ന് ഉറപ്പുനൽകി.
വർഷങ്ങളായി പ്രവാസി ക്ഷേമനിധിയിൽ തുക അടച്ചുപോരുന്ന അംഗങ്ങൾക്ക് ചെറിയ കുടിശ്ശികയുടെ പേരിൽ പെൻഷൻ നിഷേധിക്കുന്ന നിലവിലെ രീതി പുനഃപരിശോധിക്കണമെന്ന് കെ.എം.സി.സി ആവശ്യപ്പെട്ടു. പെൻഷന് അർഹത നേടിയവർക്ക് കുടിശ്ശിക തുക അടയ്ക്കാൻ അവസരം നൽകി പെൻഷൻ അനുവദിക്കണം. നിലവിൽ അപേക്ഷകളിൽ ആറുമാസം മുതൽ ഒരു വർഷം വരെ നേരിടുന്ന കാലതാമസം ഒഴിവാക്കി ഒന്നോ രണ്ടോ മാസത്തിനകം നടപടികൾ പൂർത്തിയാക്കാനും, മുടങ്ങിക്കിടക്കുന്ന പെൻഷൻ തുകകൾ സമയബന്ധിതമായി വിതരണം ചെയ്യാനും നിവേദനത്തിൽ അഭ്യർത്ഥിച്ചു.
പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുക്കാനുള്ള പ്രായപരിധി 60 വയസ്സിൽ നിന്ന് 70 വയസ്സായി ഉയർത്തണമെന്നും, ചികിത്സാ സഹായം, മരണാനന്തര സഹായം തുടങ്ങിയ ആനുകൂല്യങ്ങൾ അർഹരായവർക്ക് വേഗത്തിൽ ലഭ്യമാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ചടങ്ങിൽ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ കെ.പി. മുസ്തഫ, എ.പി. ഫൈസൽ, ഷാഫി പറക്കട്ട, റഫീഖ് തോട്ടക്കര, സലീം തളങ്കര, ഫൈസൽ കണ്ടിതാഴ, അഷ്റഫ് കാട്ടിൽപ്പീടിക, വേൾഡ് കെ.എം.സി.സി സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, കെ.എം.സി.സി, ഒ.ഐ.സി.സി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
sdfdfsdsfdfs

