കുടിശ്ശിക നൽകിയില്ല: ട്രേഡിംഗ് കമ്പനി 2.78 ലക്ഷം ദിനാർ നൽകാൻ ബഹ്‌റൈൻ ഹൈ കോമേഴ്‌ഷ്യൽ കോടതി വിധി


പ്രദീപ് പുറവങ്കര

മനാമ: ഇലക്ട്രിക്കൽ ഉപകരണങ്ങളും ലൈറ്റിംഗ് ഉൽപ്പന്നങ്ങളും സപ്ലൈ ചെയ്ത വകയിലെ കുടിശ്ശിക തുകയായ 2,78,963 ബഹ്‌റൈൻ ദിനാർ ഇലക്ട്രിക്കൽ സപ്ലൈയർ കമ്പനിക്ക് നൽകാൻ ട്രേഡിംഗ് കമ്പനിയോട് ഹൈ കോമേഴ്‌ഷ്യൽ കോടതി ഉത്തരവിട്ടു.

തുകയ്ക്ക് പുറമെ കേസ് ഫയൽ ചെയ്ത തീയതി മുതൽ കുടിശ്ശിക പൂർണ്ണമായി അടച്ചുതീർക്കുന്നതുവരെ പ്രതിവർഷം 3% നിരക്കിലുള്ള നിയമപരമായ പലിശയും, കോടതി ചെലവുകളും, വക്കീൽ ഫീസും പ്രതിഭാഗം കമ്പനി നൽകണം. അതേസമയം, കമ്പനിയിലെ ഓഹരി ഉടമകൾക്കെതിരായ ഹർജി കോടതി തള്ളി.

ഏകദേശം 3,62,000 ദിനാർ മൂല്യമുള്ള ഇലക്ട്രിക്കൽ സാധനങ്ങൾ വിതരണം ചെയ്തിട്ടും മുഴുവൻ തുകയും നൽകിയില്ലെന്ന് കാണിച്ചാണ് സപ്ലൈയർ കമ്പനി കോടതിയെ സമീപിച്ചത്. കമ്പനിക്കൊപ്പം അതിലെ ഓഹരി ഉടമകളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

കേസ് നടപടികൾക്കിടെ കോടതി നിയോഗിച്ച അക്കൗണ്ടിംഗ് വിദഗ്ദ്ധന്റെ റിപ്പോർട്ട് ഇരുവിഭാഗവും അംഗീകരിച്ചു. മുൻപ് നടത്തിയ ഭാഗിക തിരിച്ചടവുകളും സെറ്റിൽമെന്റുകളും കഴിച്ച് ബാക്കി നൽകാനുള്ള തുക 2,78,963 ദിനാറാണെന്ന് അക്കൗണ്ടിംഗ് വിദഗ്ദ്ധൻ കണക്കാക്കിയിരുന്നു. ഈ റിപ്പോർട്ടിൽ ഇരുപക്ഷത്തിനും എതിർപ്പില്ലാത്തതിനാൽ കോടതി ഇത് കടബാധ്യതയുടെ വ്യക്തമായ തെളിവായി സ്വീകരിച്ചു.

കമ്പനി ലിമിറ്റഡ് ലയബിലിറ്റി (LLC) വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഒന്നായതിനാൽ അതിന് വ്യക്തിഗതമായ നിയമ-സാമ്പത്തിക നിലനിൽപ്പുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ആയതിനാൽ സാമ്പത്തിക ഇടപാടിൽ ഓഹരി ഉടമകൾക്ക് വ്യക്തിപരമായി ഉത്തരവാദിത്തമില്ലെന്നും, അവരുടെ ഭാഗത്തുനിന്ന് നിയമലംഘനങ്ങളോ ക്രമക്കേടുകളോ നടന്നിട്ടില്ലെന്നും വ്യക്തമാക്കി ഓഹരി ഉടമകളെ കേസിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

ഇതേത്തുടർന്ന് കുടിശ്ശിക തുകയും പലിശയും കോടതി ചെലവുകളും ഉൾപ്പെടെ മുഴുവൻ തുകയും ട്രേഡിംഗ് കമ്പനി തന്നെ അടച്ചുതീർക്കണമെന്ന് കോടതി ഉത്തരവിട്ടു.

article-image

adsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed