അനധികൃതമായി പിരിച്ചുവിട്ടു: മുൻ സെയിൽസ് മാനേജർക്ക് 49,000 ദിനാർ നഷ്ടപരിഹാരം നൽകാൻ വിധിച്ച് ബഹ്‌റൈൻ ലേബർ കോടതി
പ്രദീപ് പുറവങ്കര
മനാമ: ജീവനക്കാരനെ അനധികൃതമായി ജോലിയിൽ നിന്ന് പിരിച്ചുവിട്ട സംഭവത്തിൽ മുൻ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മാനേജർക്ക് ഏകദേശം 49,000 ബഹ്‌റൈൻ ദിനാർ നഷ്ടപരിഹാരം നൽകാൻ ഫസ്റ്റ് ഹൈ ലേബർ കോടതി ഉത്തരവിട്ടു. നൽകാനുള്ള കുടിശ്ശിക ശമ്പളം, അന്യായമായി പിരിച്ചുവിട്ടതിനുള്ള നഷ്ടപരിഹാരം, സർവീസ് ആനുകൂല്യങ്ങൾ, സെയിൽസ് കമ്മീഷൻ, നിയമപരമായ പലിശ, കോടതി ചെലവുകൾ, വിദഗ്ദ്ധ പരിശോധനാ ഫീസ്, വക്കീൽ ഫീസ് എന്നിവ ഉൾപ്പെടെയാണ് ഈ തുക നൽകേണ്ടത്.
2005 മുതൽ കമ്പനിയിൽ സേവനമനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥനെ 2025 ഓഗസ്റ്റിൽ മുൻകൂട്ടി അറിയിപ്പൊന്നും നൽകാതെയാണ് മാനേജ്‌മെന്റ് പിരിച്ചുവിട്ടത്. അർഹതപ്പെട്ട ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കമ്പനി നിഷേധിച്ചതായി കാട്ടി അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു.
ഗുരുതരമായ പെരുമാറ്റദൂഷ്യം കാരണമാണ് പിരിച്ചുവിട്ടതെന്നായിരുന്നു തൊഴിലുടമയുടെ വാദം. എന്നാൽ, കമ്പനിക്ക് സാമ്പത്തിക നഷ്ടം ഉണ്ടായതിനോ പെട്ടെന്ന് ജോലിയിൽ നിന്ന് നീക്കം ചെയ്യാനുള്ള നിയമപരമായ കാരണങ്ങൾക്കോ തെളിവ് ഹാജരാക്കാൻ മാനേജ്‌മെന്റിന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.
കൂടാതെ വൈകിപ്പിച്ച ശമ്പളത്തിന് പൂർണ്ണ തുക നൽകി തീർക്കുന്നതുവരെയുള്ള നിയമപരമായ പലിശയും നൽകാൻ തൊഴിലുടമയോട് കോടതി ഉത്തരവിട്ടു.
adsadsdsads

