ഭാഷാ സമരം മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴിത്തിരിവായി: ശരീഫ് കുറ്റൂർ
പ്രദീപ് പുറവങ്കര
മനാമ: മുസ്ലിം സമുദായം ഇന്ന് കൈവരിച്ച വിദ്യാഭ്യാസ പുരോഗതിക്കും ഉന്നമനത്തിനും ഭാഷാ സമരം നിർണായക പങ്കുവഹിച്ചതായി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റും പ്രമുഖ വാഗ്മിയുമായ ശരീഫ് കുറ്റൂർ പ്രസ്താവിച്ചു. കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി മനാമ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഭാഷാ സമര അനുസ്മരണ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
1980-ൽ അന്നത്തെ നായനാർ സർക്കാർ അറബി, ഉർദു, സംസ്‌കൃത ഭാഷകൾക്കെതിരെ നടപ്പിലാക്കാൻ ശ്രമിച്ച തീരുമാനങ്ങൾ പ്രാബല്യത്തിൽ വന്നിരുന്നെങ്കിൽ വിദ്യാഭ്യാസ മേഖലയിലെ ഈ മാറ്റങ്ങൾ സാധ്യമാകുമായിരുന്നില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഭാഷാ സമരത്തിന്റെ വിജയമാണ് പുതിയ തലമുറയ്ക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ അവസരങ്ങൾ തുറന്നുനൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവകാശ പോരാട്ടങ്ങൾക്ക് ഭാഷാ സമരം എക്കാലത്തും വലിയ പ്രചോദനമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ പറഞ്ഞു. ഭാഷയ്ക്കും വിദ്യാഭ്യാസ അവകാശങ്ങൾക്കുമായി പോരാടിയ രക്തസാക്ഷികളുടെയും സമരനേതാക്കളുടെയും ത്യാഗം വരുംതലമുറ മാതൃകയാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലപ്പുറം ജില്ലാ പ്രസിഡന്റ് ഇഖ്ബാൽ താനൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് പരിപാടിയുടെ പ്രത്യേക സപ്ലിമെന്റ് ജില്ലാ ട്രഷറർ ഫാറൂഖ് കൊണ്ടോട്ടി പ്രകാശനം ചെയ്തു. കെ.എം.സി.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളിക്കുളങ്ങര, ട്രഷറർ കെ.പി. മുസ്തഫ, വി.എച്ച്. അബ്ദുള്ള എന്നിവർ ആശംസകൾ നേർന്നു.
ചടങ്ങിൽ വെച്ച് മുഖ്യപ്രഭാഷകൻ ശരീഫ് കുറ്റൂരിന് ബഹ്‌റൈൻ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്‌മാൻ ഉപഹാരം നൽകി ആദരിച്ചു. കൂടാതെ, ജില്ലാ കെ.എം.സി.സിയുടെ ബിസിനസ്സ് എക്സലൻസ് അവാർഡ് ദാറുൽ മുന കുഞ്ഞഹമ്മദിനും, പരിപാടിയുടെ മുഖ്യ പ്രയോജകരായ ഷിഫ അൽ ജസീറ ഹോസ്പിറ്റലിനുള്ള ഉപഹാരം ചെയർമാൻ സഹീദ് ഉമ്മറിനും കൈമാറി.
ജില്ലാ ജനറൽ സെക്രട്ടറി അലി അക്ബർ, ഭാരവാഹികളായ ഷഹിൻ താനാളൂർ, മുജീബ് ആഡ്‌വെൽ, മൊയ്‌ദീൻ മീനാർകുഴി, ശിഹാബ് പൊന്നാനി, ജാസിർ തിരൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജില്ലാ ഓർഗനൈസിങ് സെക്രട്ടറി വി.കെ. റിയാസ് സ്വാഗതവും ഉമർ കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.
ffdfdf
adsadsads

