സിറിയയിൽ ബഹ്‌റൈൻ സ്വദേശികൾ കുടുങ്ങി: ടൂറിസം ഏജൻസികൾക്കെതിരെ കർശന നടപടി വേണമെന്ന് എം.പി; ഇടപെട്ട് എംബസി
പ്രദീപ് പുറവങ്കര
മനാമ: ആവശ്യമായ സുരക്ഷാ അനുമതികളില്ലാതെ യാത്രാ ഏജൻസികൾ വിനോദയാത്ര സംഘടിപ്പിച്ചതിനെ തുടർന്ന് ദമാസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയ ബഹ്‌റൈൻ പൗരന്മാരുടെ പ്രശ്നം ബഹ്‌റൈൻ എംബസി ഇടപെട്ട് പരിഹരിച്ചു. ആവശ്യമായ വിസ, സുരക്ഷാ രേഖകൾ പൂർത്തിയാക്കാതെ ടൂറിസ്റ്റ്, തീർത്ഥാടന യാത്രകൾ സംഘടിപ്പിച്ചതാണ് യാത്രികർക്ക് തിരിച്ചടിയായത്.
ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയവുമായും സിറിയൻ അധികൃതരുമായും എംബസി നടത്തിയ നയതന്ത്ര ചർച്ചകളെ തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി പൗരന്മാർക്ക് സിറിയയിലേക്ക് പ്രവേശനം അനുവദിച്ചു.
അതേസമയം, സംഭവത്തിൽ പ്രതികരിച്ച ബഹ്‌റൈൻ എം.പി ജലാൽ കാസിം അൽ മഹ്ഫൂദ് യാത്രാ ഏജൻസികൾക്കെതിരെ കർശന പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. ദമാസ്കസിലെ ബഹ്‌റൈൻ അംബാസഡറുമായി നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചതായി അദ്ദേഹം അറിയിച്ചു.
"ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടെ ടൂറിസം ഏജൻസികളുടെ ഉത്തരവാദിത്തം തീരുന്നില്ല. സന്ദർശിക്കുന്ന രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങൾ, നിയമങ്ങൾ, അപകടസാധ്യതകൾ എന്നിവയെക്കുറിച്ച് യാത്രക്കാർക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകാൻ ഏജൻസികൾക്ക് ബാധ്യതയുണ്ട്. ലാഭത്തേക്കാൾ പ്രധാനം യാത്രക്കാരുടെ സുരക്ഷയ്ക്കാണ്," എന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രശ്നബാധിത രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് മുൻപായി താമസസൗകര്യവും സുരക്ഷാ രേഖകളും പൂർണ്ണമാണെന്ന് ഉറപ്പുവരുത്തണമെന്നും, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ടൂറിസം സ്ഥാപനങ്ങൾക്കുമേൽ നിരീക്ഷണം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
dfdfdsfdfs

