നിങ്ങളുടെ പേരിൽ എടുത്ത സിം കാർഡുകൾ മറ്റുള്ളവർക്ക് നൽകരുത്: മുന്നറിയിപ്പുമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം
പ്രദീപ് പുറവങ്കര
മനാമ: ടെലികോം കമ്പനികളിൽ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ സിം കാർഡുകൾ തങ്ങൾ തന്നെ ഉപയോഗിക്കുന്നുണ്ടെന്ന് പൗരന്മാരും പ്രവാസികളും ഉറപ്പുവരുത്തണമെന്ന് ബഹ്‌റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി അഭ്യർത്ഥിച്ചു.
മറ്റൊരാളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് എടുത്ത സിം കാർഡുകൾ ഉപയോഗിക്കാൻ മറ്റുള്ളവരെ അനുവദിക്കരുത്. ഇത്തരം പ്രവണതകൾ വ്യക്തിഗത വിവരങ്ങൾ ചോരുന്നതിനും വ്യാജ ഡിജിറ്റൽ ഐഡന്റിറ്റി നിർമ്മിക്കുന്നതിനും വഴിതുറക്കുമെന്നും നിയമപരമായ നടപടികൾക്ക് കാരണമായേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സ്വന്തം വ്യക്തിഗത തിരിച്ചറിയൽ രേഖകൾ സുരക്ഷിതമായി സൂക്ഷിക്കാനും പേരിൽ എത്ര സിം കാർഡുകൾ സജീവമായിട്ടുണ്ടെന്ന് പതിവായി പരിശോധിക്കാനും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഉപയോഗത്തിലില്ലാത്ത സിം കാർഡുകൾ റദ്ദാക്കുകയും, സിം കാർഡ് നഷ്ടപ്പെട്ടാൽ ഉടൻ തന്നെ ടെലികോം കമ്പനിയെ അറിയിച്ച് വിച്ഛേദിക്കുകയും വേണം. കൂടാതെ, സൈബർ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ദുരുപയോഗം തടയുന്നതിന്റെയും ഭാഗമായി വൺ-ടൈം പാസ്‌വേഡ് (OTP), സിം കാർഡ് വിവരങ്ങൾ, വെരിഫിക്കേഷൻ കോഡുകൾ എന്നിവയൊന്നും മറ്റാരുമായും പങ്കുവെക്കരുതെന്നും ആഭ്യന്തര മന്ത്രാലയം ഓർമ്മിപ്പിച്ചു.
adsdsdsads

