ഷെയ്ഖ് ഈസ അൽ കബീറിന്റെ സ്മരണാർത്ഥം ബഹ്‌റൈൻ പോസ്റ്റ് പ്രത്യേക പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കി


പ്രദീപ് പുറവങ്കര

മനാമ: ഒരു ജനതയുടെ ചരിത്രവും പാരമ്പര്യവും വരുംതലമുറകൾക്കായി സൂക്ഷിച്ചുവെക്കുന്ന അപൂർവ്വ ചരിത്രരേഖയായി പോസ്റ്റൽ സ്റ്റാമ്പുകൾ മാറുന്നു എന്ന സന്ദേശമുയർത്തി, അന്തരിച്ച മുൻ ഭരണാധികാരി ഷെയ്ഖ് ഈസ ബിൻ അലി അൽ ഖലീഫയുടെ (ഷെയ്ഖ് ഈസ അൽ കബീർ) സ്മരണാർത്ഥം ബഹ്‌റൈൻ പോസ്റ്റ് പ്രത്യേക സ്മരണിക സ്റ്റാമ്പ് പുറത്തിറക്കി. ഭരണപരിഷ്കാരങ്ങളിലൂടെയും സ്ഥാപനവൽക്കരണത്തിലൂടെയും ആധുനിക ബഹ്‌റൈൻ രാജ്യത്തിന് അടിത്തറയിട്ട അദ്ദേഹത്തിന്റെ 63 വർഷത്തെ ഭരണകാലത്തോടുള്ള ആദരസൂചകമായാണ് ഗതാഗത, വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള ബഹ്‌റൈൻ പോസ്റ്റ് ഈ സ്റ്റാമ്പ് പുറത്തിറക്കിയത്.

രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രാജകീയ ഉത്തരവുപ്രകാരം ആചരിക്കുന്ന 'ഇയർ ഓഫ് ഷെയ്ഖ് ഈസ ദി ഗ്രേറ്റ് (2026)' ദേശീയ ആഘോഷങ്ങളുടെ ഭാഗമായാണ് ഈ ഉദ്യമം.

ബഹ്‌റൈൻ പോസ്റ്റൽ മ്യൂസിയത്തിൽ നടന്ന പ്രകാശന ചടങ്ങിൽ ഗതാഗത, വാർത്താവിനിമയ മന്ത്രി ഹിസ് എക്സലൻസി അബ്ദുള്ള ബിൻ അഹമ്മദ് അൽ ഖലീഫ, ടൂറിസം മന്ത്രി ഹിസ് എക്സലൻസി ഫാത്തിമ ബിന്ത് ജാഫർ അൽ സൈറാഫി എന്നിവരുൾപ്പെടെ പ്രമുഖ ഉദ്യോഗസ്ഥരും വിശിഷ്ടാതിഥികളും പങ്കെടുത്തു. 1884 ഓഗസ്റ്റ് 1-ന് മനാമയിൽ ബഹ്‌റൈന്റെ ആദ്യ തപാൽ ഓഫീസ് ആരംഭിച്ചതിന്റെ വാർഷിക ദിനത്തിലായിരുന്നു ഈ ചരിത്ര നിമിഷം.

1869 മുതൽ 1932 വരെയുള്ള ഭരണകാലത്ത് രാജ്യത്തിന്റെ സ്ഥിരത ഉറപ്പുവരുത്താനും ആധുനിക ഭരണസംവിധാനങ്ങൾക്ക് രൂപം നൽകാനും മുൻകൈയെടുത്ത ദീർഘദർശിയായ ഭരണാധികാരിയ്ക്കുള്ള അർഹമായ ആദരവാണ് ഈ സ്റ്റാമ്പെന്ന് മന്ത്രി അബ്ദുള്ള ബിൻ അഹമ്മദ് അൽ ഖലീഫ അഭിപ്രായപ്പെട്ടു. 142 വർഷം മുമ്പ് ഒരൊറ്റ ജീവനക്കാരനുമായി തുടങ്ങിയ തപാൽ സേവനം ഇന്ന് രാജ്യമൊട്ടാകെ വ്യാപിച്ച ആധുനിക ശൃംഖലയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പര പരമ്പരാഗത കറുപ്പും വെളുപ്പും സ്റ്റാമ്പുകളുടെ ശൈലിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഇതിന്റെ ഡിസൈൻ തയാറാക്കിയതെന്ന് സ്റ്റാമ്പ് ഡിസൈനർ നജീബ് റഷീദ് പറഞ്ഞു. മൂന്ന് മാസത്തോളം നീണ്ട തയാറെടുപ്പുകൾക്കും തിരുത്തലുകൾക്കും ശേഷമാണ് ഡിസൈൻ പൂർത്തിയാക്കിയത്.

ഓഗസ്റ്റ് 1-ന് പുറത്തിറക്കിയ 1.500 ബഹ്‌റൈൻ ദീനാർ മൂല്യമുള്ള ഈ സ്റ്റാമ്പിന്റെ 20,000 കോപ്പികൾ മാത്രമാണ് അൾട്രാവയലറ്റ് സെക്യൂരിറ്റി മഷി അടക്കമുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അച്ചടിച്ചിരിക്കുന്നത്. 500 കോപ്പികൾ മാത്രം ഉൾപ്പെടുന്ന ലിമിറ്റഡ് എഡിഷൻ 'ഫസ്റ്റ് ഡേ കവറും' ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. പുതിയ സ്റ്റാമ്പുകൾ ബഹ്‌റൈൻ പോസ്റ്റിന്റെ എല്ലാ ശാഖകളിലും പോസ്റ്റൽ മ്യൂസിയത്തിലും പൊതുജനങ്ങൾക്കും ഫിലാറ്റലിസ്റ്റുകൾക്കും വാങ്ങാനായി ലഭ്യമാണ്.

article-image

swdee

You might also like

  • Lulu Exchange
  • Straight Forward

Most Viewed