ബഹ്‌റൈനിൽ ബലിപെരുന്നാൾ ആഘോഷങ്ങൾ ഭക്തിസാന്ദ്രമായി
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ ഭരണാധികാരി ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ രാജ്യം മുഴുവൻ ഈദ് അൽ അദ്ഹ (ബലിപെരുന്നാൾ) ആഘോഷിച്ചു. വിശ്വാസത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രൗഢമായ പ്രകടനമായിരുന്നു രാജ്യത്തുടനീളം ദൃശ്യമായത്. ജനനിബിഡമായ പള്ളികളിലും ഈദ് ഗാഹുകളിലും നടന്ന പ്രാർത്ഥനകളിൽ മുതിർന്ന ഉദ്യോഗസ്ഥർ, സൈനിക മേധാവികൾ, സാധാരണ പൗരന്മാർ തുടങ്ങി വൻ ജനവലി പങ്കെടുത്തു. നന്ദി പ്രകാശിപ്പിക്കൽ, രാജ്യത്തിന്റെ സുസ്ഥിരത, ദേശഭക്തി എന്നിവയായിരുന്നു ഈദ് സന്ദേശങ്ങളിലെ പ്രധാന ഊന്നൽ.
പെരുന്നാൾ സന്ദേശം നൽകിയ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ ഹാജേരി, ഈദ് അൽ അദ്ഹ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട നാളുകളിൽ ഒന്നാണെന്ന് ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷയും ക്ഷേമവും കാത്തുസൂക്ഷിക്കുന്നതിൽ ബഹ്‌റൈൻ നേതൃത്വം നൽകുന്ന പങ്കിനെ അദ്ദേഹം പ്രശംസിച്ചു. ഭരണനേതൃത്വത്തോടുള്ള വിശ്വസ്തത പുതുക്കാനുള്ള അവസരമാണിതെന്നും, മതപരവും സാമൂഹികവുമായ ജീവിതത്തിന്റെ സംരക്ഷണത്തിന് നിയമപരമായ ഭരണകൂടത്തെ പിന്തുണയ്‌ക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു. രാജ്യത്തെ കാത്തുസൂക്ഷിക്കുന്നതിൽ ബഹ്‌റൈൻ പ്രതിരോധ-സുരക്ഷാ സേനകൾ വഹിക്കുന്ന പങ്കിനെ അഭിനന്ദിച്ച അദ്ദേഹം, മാതൃരാജ്യത്തോടുള്ള സ്നേഹത്തോടെ ഭരണാധികാരികൾക്ക് പിന്നിൽ അണിനിരക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു. രാജാവിന്റെ ആരോഗ്യത്തിനും വിജയത്തിനും ബഹ്‌റൈനിൽ സമാധാനവും പുരോഗതിയും നിലനിൽക്കുന്നതിനുമായി പ്രാർത്ഥിച്ചാണ് അദ്ദേഹം പ്രഭാഷണം അവസാനിപ്പിച്ചത്.
അതേസമയം, ബഹ്‌റൈൻ നാഷണൽ ഗാർഡ് അംഗങ്ങൾ സാഖിർ ക്യാമ്പ് മസ്ജിദിൽ കമാൻഡർമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പെരുന്നാൾ നമസ്കാരം നിർവ്വഹിച്ചു. പെരുന്നാളും ഹജ്ജ് കർമ്മങ്ങളും മുന്നോട്ട് വെക്കുന്ന സാഹോദര്യം, കാരുണ്യം, ഐക്യം എന്നീ മൂല്യങ്ങളെക്കുറിച്ചാണ് അവിടുത്തെ ഖുതുബയിൽ സംസാരിച്ചത്. തുടർന്ന് നാഷണൽ ഗാർഡ് ഉദ്യോഗസ്ഥർ സായുധ സേനയുടെ സുപ്രീം കമാൻഡർ കൂടിയായ ഹിസ് മജസ്റ്റി രാജാവിനും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും ഈദ് ആശംസകൾ നേർന്നു.
sssg

