മേഖലയിലെ സംഘർഷാവസ്ഥയ്ക്ക് അയവ്: ബഹ്‌റൈൻ വ്യോമപാത വീണ്ടും തുറക്കുന്നു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മേഖലയിലെ പ്രത്യേക സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് മുൻകരുതൽ നടപടിയായി താൽക്കാലികമായി അടച്ചിട്ടിരുന്ന ബഹ്‌റൈൻ വ്യോമപാത വീണ്ടും തുറന്നതായി ഗതാഗത-വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള സിവിൽ ഏവിയേഷൻ അഫയേഴ്സ് അറിയിച്ചു. പ്രാദേശിക സംഭവവികാസങ്ങളെത്തുടർന്ന് വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കിയതായും അധികൃതർ വ്യക്തമാക്കി.
വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ തങ്ങൾ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് സിവിൽ ഏവിയേഷൻ അഫയേഴ്സ് അറിയിപ്പിൽ ഊന്നിപ്പറഞ്ഞു. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിമാന ഗതാഗതം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിരന്തരമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട മറ്റ് പ്രധാന അധികാരികളുമായി ചേർന്ന് നിരന്തരമായ ഏകോപനത്തിലൂടെയാണ് വ്യോമയാന സുരക്ഷ ഉറപ്പാക്കുന്നത്.
യാത്രക്കാരുടെ സുരക്ഷിതത്വത്തിനാണ് തങ്ങൾ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത്. വ്യോമപാത തുറന്നെങ്കിലും, യാത്രക്കാർ വിമാന സമയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി അതത് എയർലൈനുകളുമായി ബന്ധപ്പെടേണ്ടതാണ്. വരും മണിക്കൂറുകളിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണ തോതിൽ സജീവമാകുമെന്നും സിവിൽ ഏവിയേഷൻ അഫയേഴ്സ് അറിയിച്ചു.
aa




